പാലക്കാട്: കനത്ത ചൂടിനിടയിൽ ജില്ലയിലെ ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പിനും മറ്റുമുള്ള മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്.
ജില്ലാതല നിരീക്ഷ സമിതിയുടെ നിർദ്ദേശപ്രകാരം ഇത്തവണ ഉത്സവങ്ങൾക്ക് പരമാവധി മൂന്ന് ആനകളെ എഴുന്നള്ളിക്കാനാണ് അനുമതി. ആനകളെ ബന്ധപ്പെട്ട രേഖകൾ സഹിതം എഴുന്നള്ളിപ്പിന് മൂന്ന് മണിക്കൂർ മുമ്പ് ബന്ധപ്പെട്ട വനം, പൊലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ പരിശോധനയ്ക്ക് ഹാജരാക്കണം.
ആനകളെ ഹാജരാകുന്നതിൽ വീഴ്ച ഉണ്ടാവുകയോ രേഖകളിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെടുകയോ നാട്ടാന പരിപാലന ചട്ട വ്യവസ്ഥ ലംഘിക്കുകയോ ചെയ്താൽ ആന ഉടമസ്ഥനും ഉത്സവ കമ്മിറ്റിക്കുമെതിരെ നിയമ നടപടി സ്വീകരിക്കും. കൂടാതെ കൊവിഡ് മാനദണ്ഡ പ്രകാരമുള്ള നിയന്ത്രണം പാലിച്ചില്ലെങ്കിലും ക്ഷേത്ര, ഉത്സവ കമ്മിറ്റിക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും.
പ്രധാന നിർദേശങ്ങൾ ഇങ്ങനെ
ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികൾ ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണം.
നാട്ടാന പരിപാലന ചട്ടം പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണം.
ഒരു എഴുന്നള്ളിപ്പിൽ പരമാവധി 30 പേർ മാത്രം
ചടങ്ങുകൾക്ക് കുറഞ്ഞ സമയം രണ്ടു മണിക്കൂർ.
ഒന്നിൽ കൂടുതൽ എഴുന്നള്ളത്ത് ഉണ്ടെങ്കിൽ കൂട്ടിയെഴുന്നള്ളത്ത് അനുവദിക്കില്ല.
ഓരോ ദേശത്തിനും തിടമ്പ് എഴുന്നള്ളിക്കുന്നതിന് ഒരു ആന മാത്രം.
രജിസ്റ്റർ ചെയ്ത ഉത്സവങ്ങൾക്ക് എഴുന്നള്ളത്തിന് പരമാവധി മൂന്നാനകൾ മാത്രം.
ഇതിനായി ഉത്സവ കമ്മിറ്റികൾ വനം വകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് സത്യവാങ്മൂലം നൽകണം.
സത്യവാങ്മൂലം നൽകാത്ത ഉത്സവങ്ങൾക്ക് ഒരു ആന മാത്രം.
ദൂരപരിധി, എഴുന്നള്ളിപ്പിന്റെ സമയക്രമം എന്നിവ ഉത്സവത്തിന് മുമ്പുതന്നെ ഉത്സവ, ക്ഷേത്ര കമ്മിറ്റി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം.
ക്ഷേത്രഭാരവാഹികൾ ഓർക്കാൻ
ചടങ്ങിൽ പങ്കെടുക്കുന്നവർ തമ്മിൽ ഒന്നര മീറ്റർ അകലം ഉറപ്പാക്കണം.
ചടങ്ങുകളിൽ പങ്കെടുക്കുന്നവർ എല്ലാവരും മാസ്ക് ഉപയോഗിക്കേണ്ടതും വ്യക്തികൾ തമ്മിൽ മിനിമം ആറടി അകലം പാലിക്കേണ്ടതുമാണ്.
കൊവിഡ് രോഗലക്ഷണം ഉള്ളവരെ ചടങ്ങിൽ പങ്കെടുപ്പിക്കരുത്.
10ന് താഴെയും 60 വയസിന് മുകളിലുള്ളവരും ഗർഭിണികളും ആഘോഷങ്ങളിൽ ഏർപ്പെടുന്നതിൽ ഒഴിവാക്കണം.
എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനയ്ക്ക് നാട്ടാന പരിപാലനവും സംരക്ഷണവും പരിപാലനവും ലഭിക്കുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പുവരുത്തണം.
ആനപ്പുറത്ത് കുട്ടികളെ കയറ്റരുത്. പകൽ 11മുതൽ വൈകിട്ട് 3.30വരെ ആനകളെ എഴുന്നള്ളിക്കരുത്. ലഹരി വസ്തുക്കൾ ഉപയോഗിച്ച പാപ്പാന്മാരെ ആനയെ നിയന്ത്രിക്കുന്നതിന് അനുവദിക്കരുത്.
-ഡോ.ജോജു ഡേവിസ്, പി.ആർ.ഒ,
ജില്ലാ മൃഗസംരക്ഷണ വകുപ്പ്.