പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുമാസത്തിലേറെ നീണ്ട പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. കൊട്ടിക്കലാശവും ബൈക്ക് റാലികളും തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചതോടെ പ്രചാരണ സമാപനം പതിവ് ആഘോഷങ്ങളില്ലാതെ പൂർത്തിയാക്കേണ്ടിവന്നു മുന്നണികൾക്ക്. ഇന്നൊരുനാൾ നിശബ്ദ പ്രചാരണത്തിന് സമയമുണ്ട്. ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പുക്കുകയാവും സ്ഥാനാർത്ഥികളുടെ ലക്ഷ്യം. പ്രചാരണത്തിൽ പിന്നിൽപോയെന്ന് വിലയിരുത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാവും മുന്നണികളുടെയും പ്രവർത്തകരുടെയും നിശബ്ദ പ്രചാരണം. അവസാന നിമിഷങ്ങളിലെ അടിയൊഴുക്കുകൾ ഫലത്തെ സ്വാധീനിക്കുമെന്നതിൽ അത് തടയാനുള്ള ശ്രമങ്ങളും മുന്നണികൾ നടത്തും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടിയുള്ള സമാപന പരിപാടികൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തടോയാണ് കലാശക്കൊട്ട് നിരോധിച്ചത്. ജില്ലയിൽ വൈകീട്ട് ഏഴിന് പരസ്യ പ്രചാരണം അവസാനിച്ചു. കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വൈകീട്ട് ആറിനും പരസ്യപ്രചാരണം അവസാനിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിലാണ് നടപടി. ഇൗ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ്. മറ്റ് മണ്ഡലങ്ങളിൽ വൈകീട്ട് ഏഴുവരെയും.
തുടർഭരണം ലക്ഷ്യമിട്ട് എൽ.ഡി.എഫും ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും ശക്തമായ പോരാട്ടം കാഴ്ചവച്ച് നിലമെച്ചപ്പെടുത്താൻ എൻ.ഡി.എയും കളത്തിലിറങ്ങുമ്പോൾ മത്സരം പൊടിപാറുമെന്ന് ഉറപ്പ്. ഇടതു വലതും മുന്നണികളും എൻ.ഡി.എയും ദേശീയ - സംസ്ഥാന നേതാക്കളെ ജില്ലയിലെത്തിച്ച് പ്രചാരണം നടത്തിയത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ്. 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പാലക്കാട്ടെത്തിയപ്പോഴായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് - മലമ്പുഴ മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാമതെത്തിയത്. ഇത്തവണ ഇരുമണ്ഡലങ്ങളിലും വിജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നില്ല.
രാഹുൽ ഗാന്ധിയുടെ റോഡ് ഷോ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെയെത്തിച്ച് യു.ഡി.എഫും കളം നിറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി. അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന നേതാക്കൾ എന്നിവരായിരുന്നു ഇടതുപക്ഷത്തിനായി വോട്ടഭ്യർത്ഥിച്ച് ജില്ലയിലെത്തിയത്.
ആകെ 12 മണ്ഡലങ്ങളുള്ള ജില്ലയിൽ നിലവിൽ ഒമ്പതും ഇടതുപക്ഷത്തിനൊപ്പമാണ്. മണ്ണാർക്കാട്, പാലക്കാട്, തൃത്താല മണ്ഡലങ്ങളിലാണ് യു.ഡി.എഫ് വിജയിച്ചത്. ഇത്തവണ പാലക്കാടും തൃത്താലയും സംസ്ഥാനത്തെ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണുള്ളത്. ഇതു കൂടാതെ മലമ്പുഴ, പട്ടാമ്പി, ചിറ്റൂർ, ഒറ്റപ്പാലം, നെന്മാറ മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നത്. ഇന്നത്തെ നിശബ്ദ പ്രചാരണത്തിനൊടുവിൽ നാളെ ജനം വിധിയെഴുതും.