election

പാലക്കാട്: ഇന്നത്തെ നിശബ്ദ പ്രചാരണങ്ങൾക്കൊടുവിൽ വോട്ടർമാർ നാളെ വിധിയെഴുതും. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂത്തിയായി. ആകെ 22,94,739 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 11,21,553 പുരുഷന്മാരും 11,73,169 സ്ത്രീകളുമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 17പേരുമുണ്ട്. ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീയപാർട്ടികൾ, സ്വതന്ത്രർ എന്നിവരുൾപ്പെടെ ആകെ 73 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

കൊവിഡ് മാനദണ്ഡങ്ങൾ കർഷനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

ജില്ലയിലാകെ 3425 പോളിംഗ് ബൂത്തുകളാണുള്ളത്. 1242 പോളിംഗ് ബൂത്തുകൾ സ്ഥിരം കെട്ടിടത്തിലും 74 എണ്ണം താൽകാലിക കെട്ടിടത്തിലുമാണ് പ്രവർത്തിക്കുക. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് 6 മുതൽ 7 വരെ ഭിന്നശേഷി വിഭാഗക്കാർക്ക് വോട്ട് ചെയ്യാം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു പോളിംഗ് ബൂത്തിൽ പരമാവധി 1000 പേരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിജപ്പെടുത്തിയിരിക്കുന്നത്. 1000 ൽ കൂടുതൽ സമ്മതിദായകരുള്ള പോളിംഗ് സ്റ്റേഷനുകളെ വിഭജിച്ച് ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ 1316 ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകളാണുള്ളത്.

വനിതാ ഉദ്യോഗസ്ഥർ മാത്രമായുള്ള 12 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുള്ളത്. 12 നയോജക മണ്ഡലങ്ങളിലും ഇത്തരത്തിൽ ഓരോ ബൂത്തുകളാണുള്ളത്. ഇവിടെ പ്രിസൈഡിംഗ് ഓഫീസർ, മൂന്ന് പോളിംഗ് ഓഫീസർമാർ എന്നിവരെല്ലാം വനിതകളായിരിക്കും.

പോളിംഗ് ബൂത്തിലെത്തിയിട്ടുള്ള മറ്റ് വോട്ടർമാർമാരുടെ വോട്ടിംഗ് പൂർത്തിയായശേഷം കൊവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ വോട്ടർമാർക്ക് വോട്ട് ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു.

 തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 17125 ഉദ്യോഗസ്ഥർ

ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 17125 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഓരോ ബൂത്തിലും പ്രസൈഡിംഗ് ഓഫീസർ, മൂന്ന് പോളിംഗ് ഓഫീസർമാർ, വോട്ടർമാർക്ക് സാനിറ്റൈസർ നൽകുന്നതിനും ശരീരോഷ്മാവ് പരിശോധിക്കുന്നതിനുമായി നിയോഗിച്ച ഒരാൾ എന്നിവർ ഉൾപ്പെടെയാണ് അഞ്ചുപേരുണ്ടാകും. ഇതിനുപുറമേ മൂവായിരത്തിലധികം ജീവനക്കാരെ റിസർവ് ആയും നിലനിർത്തിയിട്ടുണ്ട്.

 ഭിന്നശേഷിക്കാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ

ഭിന്നശേഷി വിഭാഗക്കാർക്ക് പോളിംഗ് ബൂത്തിലെത്താനും വോട്ട് തടസം കൂടാതെ നിർവഹിക്കുന്നതിനും ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേത്യത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ പട്ടിക തയ്യാറാക്കിയിരുന്നു. പോളിംഗ് ബൂത്തിലെത്തുന്നതിനായി വീൽചെയർ, റാമ്പ് സൗകര്യമൊരുക്കും. ഭിന്നശേഷി വിഭാഗക്കാർക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് ചെയ്യാൻ സഹായിക്കാനും അങ്കൺവാടി, ആശാവർക്കർമാരുടെ സേവനം ലഭ്യമാക്കും. ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കാണ് അതത് പഞ്ചായത്തുകളുടെ മേൽനോട്ടച്ചുമതല.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭിന്നശേഷി വിഭാഗക്കാരിൽ പോസിറ്റീവായവർ, രോഗലക്ഷണമുള്ളവർ, ക്വാറന്റൈനിലുള്ളവർ എന്നിവർക്ക് പാലിയേറ്റീവ് കെയറിന്റെ ആംബുലൻസ് സൗകര്യവും അനുവദിക്കും.


 എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീൻ

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഒരു ഭാഗമാണ് വിവിപാറ്റ് അഥവാ വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ. രേഖപ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച ചിഹ്നത്തിൽ തന്നെ ലഭിച്ചിട്ടുണ്ടോയെന്ന് വോട്ടർക്ക് വിവിപാറ്റിലൂടെ നേരിട്ടു മനസിലാക്കാമെന്നതാണ് വിവിപാറ്റ് മെഷീനിന്റെ പ്രത്യേകത. കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും ഉൾപ്പെട്ടതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ. ഈ രണ്ടു യൂണിറ്റുമായി വിവിപാറ്റ് ബന്ധിപ്പിച്ചിട്ടുണ്ട്. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഉണ്ടായിരിക്കും.

വോട്ടർ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെയുള്ള ചിഹ്നത്തിന്റെ നേർക്കുള്ള നീല ബട്ടൺ അമർത്തുമ്പോൾ ചുവന്ന ലൈറ്റ് തെളിയും. തുടർന്ന് വോട്ട് രഖപ്പെടുത്തിയ സ്ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ ഏഴു സെക്കന്റ് നേരം വിവിപാറ്റിലെ ഡിസ്‌പ്ലേ യൂണിറ്റിൽ തെളിഞ്ഞു കാണാം. അതിനുശേഷം അവയുടെ പ്രിന്റ് താഴെയുള്ള സുരക്ഷാ അറയിലേയ്ക്ക് വീഴുകയും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യും. രേഖപ്പെടുത്തുന്ന ഓരോ വോട്ടും പേപ്പർ രൂപത്തിൽ വിവിപാറ്റിനുള്ളിൽ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഭാവിയിൽ വോട്ട് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാവുകയാണെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താതെ വിവിപാറ്റിനുള്ളിൽ സൂക്ഷിച്ചിട്ടുള്ള പേപ്പർ വോട്ടുകൾ എണ്ണി സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്.

 വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന രേഖകൾ

1.വോട്ടർ തിരിച്ചറിയൽ കാർഡ്

2.പാസ്‌പോർട്ട്

3.ഡ്രൈവിംഗ് ലൈസൻസ്

4.സർവീസ് തിരിച്ചറിയൽ രേഖ (സംസ്ഥാന, കേന്ദ്ര സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പൊതുമേഖല കമ്പനികൾ ജീവനക്കാർക്ക് അനുവദിക്കുന്നത് )

5.ഫോട്ടോ പതിച്ച പാസ് ബുക്ക് ( സഹകരണ ബാങ്കുകൾ ഒഴികെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് അനുവദിക്കുന്നവ)

6.പാൻ കാർഡ്

7.സ്മാർട്ട് കാർഡ് ( കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചത്)

8.തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്

9.ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്)

10.ഫോട്ടോ പതിച്ച പെൻഷൻ കാർഡ്

11.ഔദ്യോഗിക തിരിച്ചറിയൽ രേഖ ( എം.പി, എം.എൽ.എ എന്നിവർക്ക് അനുവദിച്ചിട്ടുള്ളത്)

12.ആധാർ കാർഡ്‌