മംഗലം ഡാം: ഡാമിൽ നിന്നുള്ള മണ്ണ് ലോറികളുടെ നിലക്കാത്ത ഓട്ടത്തിൽ ടൗണും പരിസരവും പൊടിമയം. ഇടവിട്ട് നിരവധി തവണ റോഡിൽ വെള്ളം നനക്കുന്നുണ്ടെങ്കിലും പൊടി ഒതുങ്ങുന്നില്ല. റോഡിൽ നനയ്ക്കാൻ എടുക്കുന്നത് ഡാമിലെ കലക്ക വെള്ളമായതിനാൽ ഉണങ്ങുമ്പോൾ പൊടി കൂടുകയാണ്.
നൂറോളം വലിയ ടോറസുകളാണ് ദിവസവും മണ്ണ് കയറ്റി പോകുന്നത്. ഡാമിൽ നിന്നും ജെ.സി.ബി ഉപയോഗിച്ച് മണ്ണ് ടോറസുകളിൽ അമർത്തി നിറക്കുന്നുണ്ടെങ്കിലും റോഡിലെ കുഴികളിൽ കയറിയിറങ്ങുമ്പോൾ മണ്ണ് റോഡിൽ വീഴുന്നത് പതിവാണ്. പൊൻകണ്ടം റോഡിൽ പാണ്ടിക്കടവ് ഭാഗത്ത് ടാർ റോഡ് നിലവിൽ പൊടി വീണ് മൺറോഡായി. വീതി കുറഞ്ഞ റോഡുകളിലൂടെ ടോറസുകൾ അമിത വേഗതയിൽ പോകുന്നത് അപകട സാദ്ധ്യതയുണ്ടാക്കുന്നതായും പരാതിയുണ്ട്.
പൊടിശല്യം ഒഴിവാക്കാനും ലോറികളുടെ വേഗത കുറക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാൽനട- ഇരുചക്രവാഹന യാത്രക്കാരും വ്യാപാരികളും സമീപ വാസികളും പൊടിശല്യം കാരണം ഏറെ ദുരിതത്തിലാണ്.