ele

പാലക്കാട്: മൂന്നു മുന്നണികളുടെയും നാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങൾക്കും ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനും ശേഷം ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തുടർഭരണം ലക്ഷ്യമിട്ട് ഇടതുപക്ഷവും ഭരണ പോരായ്മ ചൂണ്ടിക്കാട്ടി യു.ഡി.എഫും ഇരുമുന്നണികളെയും അട്ടിമറിച്ച് സംസ്ഥാനത്ത് സ്ഥായിയായ വേര് പിടിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ എൻ.ഡി.എയും പ്രചാരണത്തിൽ സജീവമായിരുന്നു. ജില്ലയിൽ മൂന്നുമുന്നണികളും ഒരുപോലെ വിജയപ്രതീക്ഷയിലാണ്.

സുരക്ഷാ ക്രമീകരണം പൂർണം

ജില്ലയിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണം പൂർണമാണെന്നും സ്വതന്ത്രമായി എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. 12 മണ്ഡലങ്ങളിലായി 22,94,739 വോട്ടർമാരാണുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനായി ഒരു പോളിംഗ് സ്റ്റേഷനിൽ ആയിരം വോട്ടർമാർ എന്ന നിലയിൽ നിജപ്പെടുത്തിയിട്ടുണ്ട്. 3425 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ആയിരത്തിൽ കൂടുതൽ സമ്മതിദായകരുള്ള പോളിംഗ് സ്റ്റേഷനുകളെ വിഭജിച്ച് 1316 ഓക്സിലറി പോളിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.

പ്രശ്നസാദ്ധ്യത, മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ബൂത്തുകളിൽ സുരക്ഷ ശക്തമാക്കി. ഇവിടങ്ങളിൽ സി.ആർ.പി.എഫ്, മൈക്രോ ഒബ്‌സർവർമാർ, സി.സി.ടി.വി, വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കി. പോളിംഗിലെ അവസാന ഒരു മണിക്കൂർ (വൈകിട്ട് ആറിനുശേഷം) കൊവിഡ് രോഗികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗം വോട്ട് വീടുകളിൽ പോയി ശേഖരിച്ചിരുന്നു. പോസ്റ്റൽ ബാലറ്റ് ഓപ്ഷൻ സ്വീകരിക്കാത്ത ഭിന്നശേഷി വോട്ടർമാർക്ക് പി.ഡബ്ള്യു.ഡി ആപ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആപ് മുഖേന റിക്വസ്റ്റ് നടത്തിയാൽ പോളിംഗ് ബൂത്തിലേയ്ക്ക് കൊണ്ടുപോകുകയും തിരിച്ചെത്തിക്കുകയും ചെയ്യും. ആബ്‌സന്റീ വോട്ടേഴ്‌സ്, 80 വയസിന് മുകളിലുള്ളവർ, കൊവിഡ് പോസിറ്റീവായവർ, നിരീക്ഷണത്തിലുള്ളവർ തുടങ്ങിയവരുടെ പോസ്റ്റൽ വോട്ട് ഏപ്രിൽ ഒന്നിന് മുമ്പുതന്നെ പൂർത്തീകരിച്ചു.

ബൂത്തിലെത്തിയാൽ

1. കൈയിൽ കരുതിയ വോട്ടേഴ്‌സ് സ്ലിപ്പും 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്നും ഫസ്റ്റ് പോളിംഗ് ഓഫീസർക്ക് കൈമാറണം.

2. സെക്കന്റ് പോളിംഗ് ഓഫീസർ ഐഡന്റിറ്റി കാർഡ് പരിശോധിക്കും. ഇവിടെ രജിസ്റ്ററിൽ വോട്ടർ ഒപ്പിടണം. തുടർന്ന് സ്ലിപ്പ് നൽകുകയും വിരലിൽ മഷി പുരട്ടുകയും ചെയ്യും.

3. സ്ലിപ് വാങ്ങിയ ശേഷം തേർഡ് പോളിംഗ് ഓഫീസർ വോട്ട് ചെയ്യുന്നതിനായി കൺട്രോൾ യൂണിറ്റിലെ ബട്ടൺ പ്രസ് ചെയ്ത് നൽകും. തുടർന്ന് വോട്ട് ചെയ്യാം. ഇ.വി.എം മെഷീനിൽ നിന്ന് ബീപ് ശബ്ദം കേട്ടാൽ വോട്ടിംഗ് പ്രക്രിയ പൂർത്തിയാകും.

പോളിംഗ് സാമഗ്രി വിതരണം പൂർത്തിയായി

ജില്ലയിൽ വോട്ടിംഗ് യന്ത്രം, കൊവിഡ് പ്രതിരോധ കിറ്റുകൾ ഉൾപ്പെടെയുള്ള സാമഗ്രി വിതരണം പൂർത്തിയായി. ഇന്നലെ രാവിലെ ഒമ്പതുമുതൽ പോളിംഗ് ഉദ്യോഗസ്ഥർ അതത് മണ്ഡലങ്ങൾക്കായി സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിലെത്തി പോളിംഗ് സാമഗ്രികൾ കൈപ്പറ്റി. ഇവ പ്രത്യേകം ഏർപ്പാടാക്കിയ വാഹനങ്ങളിൽ ബൂത്തുകളിലേക്ക് കൊണ്ടുപോയി. പോളിംഗ് ഉദ്യോഗസ്ഥരോടൊപ്പം സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ടാകും. പോളിംഗ് സാമഗ്രി വിതരണത്തിനും പോളിംഗിന് ശേഷം ഇവ സൂക്ഷിക്കുന്നതിനും കൗണ്ടിംഗിനുമായി ഒമ്പത് കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്ജമാക്കിയത്.