ele

 മണ്ണാർക്കാട് മൂന്നിടത്ത് കള്ളവോട്ടെന്ന് പരാതി

 വിത്തിനശേരിയിൽ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

 അഗളിയിൽ പോളിംഗ് ഓഫീസർക്ക് വീണ് പരിക്ക്

പാലക്കാട്: വാശിയേറിയ പോരാട്ടത്തിന്റെ സൂചന നൽകി നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒൗദ്യോഗിക വെബ്സൈറ്റിലെ കണക്ക് പ്രകാരം രാത്രി എട്ടുവരെ ജില്ലയിലെ പോളിംഗ് ശതമാനം 76.17 ആണ്. ജില്ലയിലെ ആകെയുള്ള 22,​94,​739 വോട്ടർമാരിൽ 17,​47,​907 പേർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. ഇതിൽ 8,​54,​962 പേർ പുരുഷന്മാരും 8,​92,​935 പേർ സ്ത്രീകളും പത്തുപേർ ട്രാൻസ് ജെൻഡേഴ്സുമാണ്. രാത്രി ഏഴുകഴിഞ്ഞും പലയിടത്തും നീണ്ട ക്യൂവാണുള്ളത്. വോട്ടിംഗ് പൂർത്തിയാകുമ്പോൾ പോളിംഗ് ശതമാനം ഇനിയും ഉയരും. 2016ൽ ജില്ലയിലെ പോളിംഗ് ശതമാനം 78.37 ശതമാനമായിരുന്നു.

ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ചിറ്റൂരിലാണ്. 79.13 ശതമാനം. കഴിഞ്ഞ തവണ ഇത് 82.95 ആയിരുന്നു. ഇത്തവണ ഏറ്റവും കുറവ് പാലക്കാടാണ് 73.67ശതമാനം കഴിഞ്ഞ തവണ ഇത് 77.25 ആയിരുന്നു.

രാവിലെ ഏഴുമുതൽ തന്നെ പോളിംഗ് ബൂത്തുകളിലേക്ക് വോട്ടർമാരുടെ ഒഴുക്കായിരുന്നു. ആദ്യ മണിക്കൂറിൽ നഗരസഭാ പരിധിയിൽ ചില ബൂത്തുകളിൽ വെളിച്ചക്കുറവ് കാരണം വൃദ്ധർക്ക് വോട്ട് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് പോളിംഗ് വൈകി. നഗര മണ്ഡലത്തിലൊഴിച്ച് പാലക്കാട്ടെ മറ്റു മണ്ഡലങ്ങളിലെല്ലാം ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. തൃത്താലയും ചിറ്റൂരുമടക്കം പോളിംഗ് 77 ശതമാനം പിന്നിട്ടു. മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിൽ മലമ്പുഴ, മണ്ണാർക്കാട്, കോങ്ങാട് മണ്ഡലങ്ങളിൽ പോളിംഗ് ആറുമണിയോടെ അവസാനിച്ചു. ആറുമണിക്കും ക്യൂവിൽ നിന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകി.

മണ്ണാർക്കാട് മൂന്നിടത്ത് കള്ളവോട്ട് കണ്ടെത്തി. അരയങ്ങോട് യൂണിറ്റി സ്കൂളിലെ 108-ാം നമ്പർ ബൂത്തിൽ ക്രമനമ്പർ 108ലെ കുരുവിളയുടെ വോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. കൊച്ചിയിൽ നിന്ന് വോട്ട് ചെയ്യാനെത്തിയ കുരുവിളയെ പിന്നീട് ചാലഞ്ച് വോട്ട് ചെയ്യാൻ അനുവദിച്ചു. നഗരസഭയിലെ ബൂത്ത് നമ്പർ 126ലും കള്ളവോട്ട് സ്ഥിരീകരിച്ചു. നൂർജഹാൻ എന്ന വോട്ടറുടെ പേരിലാണ് കള്ളവോട്ട് ചെയ്തത്. തുടർന്ന് ടെൻഡേഡ് വോട്ട് അനുവദിച്ചു.

അഗളി ജി.എച്ച്.എസ്.എസിൽ ഡ്യൂട്ടിക്ക് വന്ന വനിതാ പോളിംഗ് ഓഫീസർ ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മിക്ക് (31) കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റു. പുലർച്ചെ 5.30നാണ് സംഭവം. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിത്തിനശേരിയിൽ വോട്ട് ചെയ്ത് മടങ്ങിയ മച്ചത്തുവിട്ടീൽ അപ്പുക്കുട്ടന്റെ ഭാര്യ കാർത്ത്യായനിയമ്മ (69) ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

കുതിച്ച് ഗ്രാമീണ മേഖല

പതിവുപോലെ ഗ്രാമീണ മേഖലയിൽ ആദ്യമണിക്കൂറിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. ചിറ്റൂർ, ആലത്തൂർ, നെന്മാറ, തൃത്താല, പട്ടാമ്പി എന്നിവിടങ്ങളിൽ ആദ്യമണിക്കൂറിൽ തന്നെ 8% വോട്ട് പോൾ ചെയ്തു. ആദ്യ മൂന്ന് മണിക്കൂറിൽ തന്നെ ജില്ലയിൽ പോളിംഗ് 25% കടന്നു. 11ന് ശേഷം പോളിംഗ് അല്പം മന്ദഗതിയിലായി. ഉച്ചയ്ക്ക് ഒന്നരയോടെ ജില്ലയിലെ ആകെ വോട്ടർമാരിൽ പകുതിയിലധികവും സമ്മതിദായകാവകാശം വിനിയോഗിച്ചു. വൈകിട്ട് നാലിന് 63 ശതമാനത്തിലേക്കും ആറിന് 74ശതമാനത്തിലേക്കും പോളിംഗ് ഉയർന്നു. എട്ടോടെ അത് 76.17ലെത്തി.

മണ്ഡലം പോളിംഗ് (ബ്രാക്കറ്റിൽ 2016ലെ ശതമാനം)

ചിറ്റൂർ- 79.13 (82.95)

പാലക്കാട്- 73.67 (77.25)

ആലത്തൂർ- 77.46 (77.82)

തരൂർ- 75.79 (78.13)

നെന്മാറ- 76.74 (81.03)

മലമ്പുഴ- 75.04 (78.74)

കോങ്ങാട്- 75.15 (77.14)

ഒറ്റപ്പാലം- 75.73 (76)

ഷൊർണൂർ- 76.64 (76.63)

പട്ടാമ്പി- 76.50 (77.90)

തൃത്താല- 77.03 (78.88)

മണ്ണാർക്കാട്- 75.46 (78.35)