പാലക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ മൂന്ന് കള്ളവോട്ട് നടന്നതായി പരാതി. മണ്ണാർക്കാട് നഗരസഭയിലെ കെ.ടി.എം ഹൈസ്‌കൂളിൽ ബൂത്ത് നമ്പർ 126ൽ നൂർജഹാന്റെ വോട്ട് മറ്റാരോ ചെയ്തതായാണ് കണ്ടെത്തിയത്. തുടർന്ന് നൂർജഹാന് ചാലഞ്ച് വോട്ട് ചെയ്യാൻ അനുവദിച്ചു. അരയങ്ങോട് യൂണിറ്റി സ്‌കൂളിലെ 108 ആം നമ്പർ ബൂത്തിലെ കുരുവിളയുടെ വോട്ട് മറ്റാരോ ചെയ്തെന്നാണ് പരാതി. കൊച്ചിയിൽ നിന്ന് ഇന്നലെ രാവിലെ വോട്ട് ചെയ്യാനായി നാട്ടിലെത്തിയതായിരുന്നു കുരുവിള. പ്രതിഷേധം അറിയിച്ചപ്പോൾ ചലഞ്ച് വോട്ടിന് പോളിങ് ഉദ്യോഗസ്ഥർ അനുവാദം നൽകി. മണ്ണാർക്കാട് ജി.എം.യു.പി സ്‌കൂളിലാണ് മൂന്നാമത്തെ കള്ള വോട്ട് നടന്നത്. ഇവിടെത്തെ വോട്ടറായ വിനോദ് പത്തുകുടിയുടെ വോട്ടാണ് മറ്റാരോ ചെയ്തത്. തുടർന്ന് വിനോദ് ചലഞ്ച് വോട്ട് ചെയ്തു.
കെട്ടിടത്തിൽ നിന്നുവീണ് വനിതാ
പോളിംഗ് ഓഫീസർക്ക് പരിക്ക്
അഗളി: അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന വനിതാ പോളിംഗ് ഓഫീസർക്ക് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്ക്. അഗളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മിയാണ് (31) അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.30 ഓടെയാണ് സംഭവം, മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് 20 അടി താഴ്ചയിലേക്കാണ് വിദ്യാലക്ഷ്മി വീണത്. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.