പാലക്കാട്: തൃത്താല മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ രണ്ടുശതമാനത്തിലേറെ വോട്ട് വർദ്ധന. 2016ൽ 78% വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇപ്രാവശ്യം 80 ശതമാനത്തിലേറെയായി ഉയർന്നു. 2016ൽ വോട്ടിംഗ് വർദ്ധനവ് യു.ഡി.എഫിന് ഗുണം ചെയ്തിരുന്നു. ഇപ്പോഴത്തെ വർദ്ധനവ് ബൽറാമിന്റെ ഭൂരിപക്ഷം ഉയർത്തുമെന്ന് യു.ഡി.എഫും അതല്ല, എം.ബി.രാജേഷിന് അനുകൂലമെന്ന് എൽ.ഡി.എഫും ആവർത്തിക്കുന്നു.
ഇത്തവണ മണ്ഡലം എന്തുവില കൊടുത്തും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.ബി.രാജേഷിനെ സി.പി.എം കളത്തിലിറക്കിയത്. സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ പോരാട്ടമാണ് തൃത്താലയിൽ നടന്നത്. സൈബർ ലോകത്തും നേരിട്ടും വാക് പോരുകളുമായി മുന്നണികളും സ്ഥാനാർത്തികളും കളം നിറഞ്ഞതോടെ ആവേശം അത്യുന്നതിയിലെത്തി.
ശബരിമല കർമ്മ സമിതിയിലൂടെ ശ്രദ്ധേയനായ പൊന്നാനിക്കാരൻ ശങ്കു ടി.ദാസെന്ന യുവനേതാവാണ് ബി.ജെ.പിക്കായി തൃത്താലയിലെ കളത്തിലിറങ്ങിയത്. ഇവർ പിടിക്കുന്ന വോട്ടും മണ്ഡലത്തിലെ ജയപരാജയം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.