പാലക്കാട്: ജനാധിപത്യ പ്രക്രിയയെ പ്രകൃതി സൗഹൃദമാക്കി ആനക്കര പഞ്ചായത്തിലെ ഹരിത സേനാംഗങ്ങൾ. പോളിംഗ് ബൂത്തുകൾ
'ഹരിത ബൂത്തുകൾ" ആക്കിയാണ് ഇവർ മാതൃക സൃഷ്ടിച്ചത്.
15 വാർഡുകളിലായി 30 പേരാണ് സംഘത്തിലുള്ളത്. രണ്ടുപേരടങ്ങുന്ന സംഘമാണ് ഓരോ ബൂത്ത് പരിസരത്തും ഉണ്ടാകുന്ന മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം സംസ്‌കരണ കേന്ദ്രത്തിലേക്കയക്കും. പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ടാണ് ബൂത്തുകൾ സജ്ജീകരിച്ചത്.
അജൈവ, ജൈവ, ബയോ മെഡിക്കൽ മാലിന്യം വേർതിരിച്ചാണ് സംസ്കരണം. വോട്ട് ചെയ്യുന്നവർക്ക് സഹായവും കുടിവെള്ളവും ഇവർ നൽകുന്നു. ബ്ലോക്ക് നോഡൽ ഓഫീസർ ജി.സുരേഷ്, പഞ്ചായത്ത് വി.ഇ.ഒ നിസാർ എന്നിവർ മാർഗനിർദേശം നൽകി.