d

പാലക്കാട്: ജില്ലയിൽ ചൂട് കൂടിയ സാഹചര്യത്തിൽ വേനൽ മഴ കഴിഞ്ഞില്ലെങ്കിൽ കുടിവെള്ളത്തിനായി മലമ്പുഴ ഡാം തുറക്കേണ്ടി വരുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ. മാർച്ച് ഒന്നുമുതൽ ഏപ്രിൽ ആറുവരെ ജില്ലയിൽ 50.4 മി.മീ മഴ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് വിവിധ മേഖലകളിൽ ശരാശരി വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും പാലക്കാട് കുറവാണ്.

നിലവിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ തൃശൂർ ജില്ലയിലെ പല ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. സ്ഥിതി രൂക്ഷമാകുകയാണെങ്കിൽ മലമ്പുഴ ഡാം തുറന്ന് ഭാരതപ്പുഴയിലേക്ക് ജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിക്കുമെന്ന് വാട്ടർ അതോറ്റി അധികൃതർ പറഞ്ഞു.

പുഴയിൽ ജില്ലയുടെ പരിധിയിൽ വരുന്ന തടയണകളിൽ വെള്ളമുള്ളതിനാൽ കടുത്ത ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. ഇനിയും മൂന്നാഴ്ചത്തെ വിതരണത്തിനുള്ള ജലം തടയണകളിലുണ്ട്. മുൻ വർഷങ്ങളിൽ വേനൽ കടുത്തപ്പോൾ ഇടവിട്ട് മലമ്പുഴ ഡാം തുറന്നിരുന്നു.

കുടിവെള്ളം കരുതിയിട്ടുണ്ട്

ഡാമിൽ കുടിവെള്ളത്തിന് ആവശ്യമായ ജലം കരുതിയിട്ടുണ്ട്. തടയണകളിലുള്ള ജലത്തിന്റെ ദുരുപയോഗം തടയാൻ വാട്ടർ അതോറിറ്റി വിവിധ വകുപ്പുകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കി. ദുരുപയോഗമുണ്ടായാൽ നിയമ നടപടി സ്വീകരിക്കും. വേനൽക്കാല ക്ഷാമം മുന്നിൽക്കണ്ട് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ ജില്ലയുടെ പരിധിയിലെ എല്ലാ തടയണകളും നിറച്ചിരുന്നു.

ജില്ലാ ഭരണകൂടമാണ് ഡാം തുറക്കുന്നതിൽ തീരുമാനമെടുക്കുക. ശക്തമായ ഒന്നോ രണ്ടോ വേനൽ മഴ ലഭിച്ചാൽ ഏപ്രിൽ അവസാനം വരെ ഡാം തുറക്കാതെ കുടിവെള്ളം ലഭ്യമാക്കാം. മുൻവർഷങ്ങളിലും ഏപ്രിൽ പകുതിയോടെ ഭാരതപ്പുഴയിൽ ജലലഭ്യത ഉറപ്പാക്കാൻ ഡാം തുറക്കേണ്ടി വന്നിട്ടുണ്ട്. ഡാം തുറന്നാൽ തൃശൂർ ജില്ലയ്ക്കും ഗുണകരമാകും.

-വാട്ടർ അതോറിറ്റി, പാലക്കാട്.