sslc
പത്താംതരം, പ്ളസ് ടു പരീക്ഷയോടനുബന്ധിച്ച് പാലക്കാട് ഗവ.മോയൻസ് മോഡൽ ജി.എച്ച്.എസ്.എസിൽ നടക്കുന്ന മുന്നൊരുക്കം.

പത്താംതരം പരീക്ഷ എഴുതുന്നത് 38,985 വിദ്യാർത്ഥികൾ

പാലക്കാട്: തിരഞ്ഞെടുപ്പ് ചൂടിന് തൽക്കാലം വിടയേകിയെങ്കിലും വേനൽച്ചൂടിനൊപ്പം ഇനി നാടിന് പരീക്ഷച്ചൂടും. പത്താംതരം, പ്ളസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളുമായാണ് പരീക്ഷ. ജില്ലയിൽ 196 സെന്ററുകളിലായി 38,985 വിദ്യാർത്ഥികളാണ് പത്താംതരം പരീക്ഷ എഴുതുന്നത്. ഇതിൽ പാലക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലകളിലെ ടെക്നിക്കൽ സ്‌കൂളുകളിലെ 323 കുട്ടികളും സ്പെഷ്യൽ സ്‌കൂളുകളിലെ 13 കുട്ടികളുമുൾപ്പെടും. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് ഗവ.മോയൻ മോഡൽ ജി.എച്ച്.എസ്.എസിലാണ്. 904 പേർ. കുറവ് ഗണേഷ്ഗിരി എച്ച്.എസിൽ. 13 പേർ.

പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് പെരുമാട്ടി പഞ്ചായത്ത് ഹൈസ്‌കൂളിലാണ്. 23 പേർ. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പരുതൂർ എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയ്ക്കിരിക്കുന്നത്. 856 പേർ. മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മണ്ണാർക്കാട് എം.ഇ.എസ്.എച്ച്.എസ്.എസിൽ ആകെ 769 കുട്ടികൾ പരീക്ഷ എഴുതുമ്പോൾ വട്ടമണ്ണപുറം എം.ഇ.എസ് കെ.പി.എം.എച്ച്.എസിൽ 14 കുട്ടികളാണ് പരീക്ഷയെഴുതുന്നത്.

പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 9044 ആൺകുട്ടികളും 8645 പെൺകുട്ടികളും ഉൾപ്പെടെ ആകെ 17689 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആകെ എഴുതുന്ന 8868 കുട്ടികളിൽ 4474 പേർ ആൺകുട്ടികളും 4394 പേർ പെൺകുട്ടികളുമാണ്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ആകെ 12428 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 6479 ആൺകുട്ടികളും 5949 പെൺകുട്ടികളുമാണ്.

പരീക്ഷ 29ന് അവസാനിക്കും. മലയാളം-ഒന്ന് ആണ് ആദ്യപരീക്ഷ. 8, 9, 12 തീയ്യതികളിൽ ഉച്ചയ്ക്ക് 1.40 ആണ് പരീക്ഷ. 15 മുതൽ 29 വരെ രാവിലെ 9.40ന് ആരംഭിക്കും.

എല്ലാ കുട്ടികൾക്കും സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ഉറപ്പാക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലാണ് ക്രമീകരണം. കുടിവെള്ള സൗകര്യവുമുണ്ടാവും. പോളിംഗ് സ്റ്റേഷനായി പ്രവർത്തിച്ച ക്ലാസ് മുറികൾ ശുചീകരിച്ചിട്ടുണ്ട്. ഇത്തരം സ്‌കൂളുടെ പട്ടിക ജില്ലാ ഫയർ ഫോഴ്സിനും നൽകി അവരുടെ നേതൃത്വത്തിൽ സാനിറ്റൈസ് ചെയ്യും.

-പി.കൃഷ്ണൻ, ഡി.ഡി.ഇ.