പാലക്കാട്: തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 1537 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തി. പ്രശ്നസാദ്ധ്യത-ബാധിത, മാവോയിസ്റ്റ് സാന്നിദ്ധ്യ മേഖല ബൂത്തുകൾ കൂടാതെ പൊതുബൂത്തുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിലെ 50% ബൂത്തുകൾ വെബ് കാസ്റ്റിംഗിലൂടെ നിരീക്ഷണം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരുന്നു.
കളക്ടറുടെ മേൽനോട്ടത്തിൽ ഐ.ടി ഡിപ്പാർട്ട്‌മെന്റാണ് വെബ് കാസ്റ്റിംഗ് നടത്തിയത്. മോക്‌പോൾ ആരംഭിച്ച രാവിലെ അഞ്ചുമുതൽ രാത്രി എട്ടുവരെ ഇ.വി.എം സീൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള ദൃശ്യം ശേഖരിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി, ബി.എസ്.എൻ.എൽ, ഐ.ടി മിഷൻ, അക്ഷയ, കെൽട്രോൺ, ഇൻഫർമേഷൻ കേരള മിഷൻ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് വെബ് കാസ്റ്റിങ്ങിനുള്ള സജ്ജീകരണം ഏർപ്പെടുത്തിയത്. ജില്ലാ കളക്ടർ, പൊലീസ് നിരീക്ഷകൻ, പൊതുതിരഞ്ഞെടുപ്പ് നിരീക്ഷകൻ എന്നിവർ കൺട്രോൾ റൂമിൽ സ്ഥിതിഗതി വിലയിരുത്തി.