വോട്ട് പെട്ടിയിൽ; മുന്നണികൾ ആശങ്കയിൽ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ആവേശത്തോടെ തുടങ്ങിയ പോളിംഗ് ആലസ്യത്തോടെയാണ് അവസാനിച്ചത്. 76.20 ആണ് ജില്ലയിലെ പോളിംഗ് ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 78.37ആയിരുന്നു. ഇത്തവണ 2.17% കുറവാണ്. ജില്ലയിൽ 24290 ആബ്സന്റീ വോട്ടർമാർ, 2478 ആവശ്യ സർവീസ് ജീവനക്കാർ, 6086 തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ എന്നിവർ നേരത്തേ തന്നെ വോട്ട് രേഖപ്പെടുത്തി. ഇതുകൂടി ഉൾപ്പെടുത്തുമ്പോൾ 2016ലെ കണക്കിൽ നിന്ന് വലിയ വ്യത്യാസമുണ്ടാകില്ല.
വിധിയെഴുത്ത് പെട്ടിയിലായതോടെ മുന്നണികൾക്കെല്ലാം നെഞ്ചിടിപ്പാണ്. ഇനി ആഴ്ചകളുടെ കാത്തിരിപ്പ്. മേയ് രണ്ടിന് ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്നറിയാം. ഇനിയുള്ള ദിവസങ്ങൾ കൂട്ടിക്കിഴിക്കലുകളുടെയും വിലയിരുത്തലുകളുടെയും ദിനങ്ങളാണ്. വോട്ടിംഗ് ശതമാനത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നില്ലെന്നാണ് ഇടതു-വലതുമുന്നണികളും എൻ.ഡി.എയും അവകാശപ്പെടുന്നത്.
ബൂത്ത് ഏജന്റുമാർ നൽകിയ കണക്ക് പരിശോധിക്കുന്ന തിരക്കിലാണ് തിരഞ്ഞെടുപ്പ് കമ്മിറ്റികളും പാർട്ടി ഓഫീസുകളും. ഓരോ ബൂത്ത് കമ്മിറ്റികളും ശേഖരിച്ച വോട്ട് ചെയ്തവരുടെ കണക്ക് ക്രോഡീകരിച്ച് മുന്നണികളുടെ പ്രാദേശിക ഘടകങ്ങളാണ് എത്ര സീറ്റ് കിട്ടുമെന്ന ഏകദേശ കണക്കുകൂട്ടൽ നടത്തുന്നത്.
പലയിടത്തും നടപടി പുരോഗമിക്കുകയാണ്. ഉറച്ച വോട്ടുകൾ ചെയ്യാതെ വന്നതിന്റെ കാരണങ്ങളും മുന്നണികൾ കീഴ്ഘടകങ്ങളോട് തേടുന്നുണ്ട്. കിട്ടിയ കണക്കുകളിൽ മൂന്നുമുന്നണികളും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അന്തിമ വിധി മേയ് രണ്ടിന് കണ്ടറിയാം.
കൂടുതൽ സീറ്റെന്ന് എൽ.ഡി.എഫ്
കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഫലമാണ് ജില്ലയിൽ ഇടതുക്യാമ്പ് പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പ് ദിവസം ഉച്ചയ്ക്ക് രണ്ടിന് എടുത്ത കണക്കിൽ തന്നെ ഉറച്ച ഇടതുവോട്ടുകളെല്ലാം പോൾ ചെയ്യിക്കാൻ പ്രവർത്തകർക്കായി എന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ശക്തമായ പോരാട്ടം നടന്ന തൃത്താലയിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. മലമ്പുഴയിലെ സ്ഥിതിയും സമാനമാണ്. വി.എസ് ഇല്ലെങ്കിലും മലമ്പുഴ ഇടതിനെ കൈവിടില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു.
പകുതിയും ഒപ്പമെന്ന് യു.ഡി.എഫ്
ജില്ലയിൽ അഞ്ചുമുതൽ ഏഴുസീറ്റ് വരെയാണ് വലതുപക്ഷം പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ അനിശ്ചിതത്വവും കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളും വോട്ടർമാരെ സ്വാധീനിക്കില്ല. സർക്കാരിനെതിരാണ് ജനവികാരം. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ജില്ലയിലുണ്ടാക്കിയ തരംഗം യു.ഡി.എഫിന് വലിയ ഗുണം ചെയ്തെണ് വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായ ഫലമാകും ഉണ്ടാകുകയെന്നും നേതാക്കൾ പറയുന്നു.
അക്കൗണ്ട് തുറക്കുമെന്ന് എൻ.ഡി.എ
മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട് അക്കൗണ്ട് തുറക്കുമെന്ന് ബി.ജെ.പി ഉറച്ച് വിശ്വസിക്കുന്നു. മലമ്പുഴയിൽ ശക്തമായ മത്സരമാണ് നടന്നത് എന്നതിനാൽ ഇവിടെ സി.കൃഷ്ണകുമാറും വിജയ പ്രതീക്ഷയിലാണ്. ഷൊർണൂർ, ഒറ്റപ്പാലം, നെന്മാറ എന്നിവിടങ്ങളിലും എൻ.ഡി.എ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബൂത്ത് കമ്മിറ്റികളുടെ കണക്ക് അടുത്ത ദിവസങ്ങളിൽ ശേഖരിച്ച് തിരഞ്ഞെടുപ്പ് വിശകലനം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.