e

ഒറ്റപ്പാലം: വിധി നിർണയം കഴിഞ്ഞതോടെ പെട്ടിയിലായ വോട്ടിന്റെ കണക്ക് വെച്ച് വിജയം ഒരുപോലെ അവകാശപ്പെടുകയാണ് മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികൾ. ഇന്നലെ വിശ്രമത്തിന് പോലും സമയമെടുക്കാതെ ബൂത്തുതല വോട്ടുകളുടെ കണക്ക് സൂക്ഷ്മമായി പരിശോധിച്ചാണ് മുന്നണികളുടെ അവകാശ വാദം.
യാതൊരു സംശയത്തിനും ഇട നൽകാനാവാത്ത വിധം വിജയം സുനിശ്ചിതമാണെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.പ്രേംകുമാറിന്റെ അവകാശ വാദം. സിറ്റിംഗ് എം.എൽ.എ പി.ഉണ്ണിയുടെ ഭൂരിപക്ഷമായ 16000ത്തിൽ പരം വോട്ടിനെ മറികടക്കുന്ന വിജയം ഉണ്ടാകുമെന്നും ഇടത് കേന്ദ്രങ്ങൾ പറയുന്നു. ഒറ്റപ്പാലത്തെ മണ്ണിലെ ചുവപ്പുനിറം മായാതെ കാക്കുമെന്ന കണക്കാണ് എൽ.ഡി.എഫ് ഉയർത്തി പിടിക്കുന്നത്.

എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി.സരിൻ ഇടത് ക്യാമ്പിനെ വെട്ടുന്ന മറ്റൊരു കണക്കുമായി രംഗത്ത് വന്ന് വിജയം സുനിശ്ചിതമെന്ന് അവകാശപ്പെടുന്നു. ചരിത്രം തിരുത്തി കുറിക്കുന്ന വിജയം യു.ഡി.എഫിന് ഉണ്ടാകുമെന്നതിൽ സംശയമില്ല. ഇതിന് ആധാരമായ കണക്കും അദ്ദേഹം വിശദീകരിക്കുന്നു.

എൻ.ഡി.എ.യും ശക്തമായ ഒരു വോട്ട് ചിത്രമാണ് അവതരിപ്പിക്കുന്നത്. 30000ത്തിൽ പരം വോട്ടുള്ള എൻ.ഡി.എ ഒറ്റപ്പാലത്ത് ശക്തി വർദ്ധിപ്പിച്ചതിന്റെ തെളിവ് മേയ് രണ്ടിന് കാണാമെന്നാണ് സ്ഥാനാർത്ഥി പി.വേണഗോപാലിന്റെ വാക്ക്. ഇരുമുന്നണികൾക്കും വൻ ഭീഷണിയായി എൻ.ഡി.എ നേടുന്ന വോട്ട് മാറും.