പാലക്കാട്: ജില്ലയിൽ താപനില വീണ്ടും 41 ഡിഗ്രിയിലെത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിലെ താപമാപിനിയിലാണ് ഒരാഴ്ചയ്ക്ക് ശേഷം ഉയർന്ന താപനില വീണ്ടും 41 രേഖപ്പെടുത്തിയത്.
മാർച്ച് 30നാണ് അവസാനമായി മുണ്ടൂരിലെ താപനില 40 ഡിഗ്രി കടന്നത്. അന്ന് 41.5 ഡിഗ്രിയായിരുന്നു കൂടിയ ചൂട്. പിന്നീട് ചൂട് കുറഞ്ഞ് 32 ഡിഗ്രി വരെ എത്തിയിരുന്നു. 28.5 ഡിഗ്രിയാണ് മുണ്ടൂരിലെ ഇന്നലത്തെ കുറഞ്ഞ ചൂട്. ആർദ്രത 36%.
മലമ്പുഴയിൽ 38.7 ഡിഗ്രിയാണ് ഉയർന്ന താപനില. കുറവ്-26.4. ആർദ്രത 27%. ചൊവ്വാഴ്ച 37.8 ആയിരുന്നു കൂടിയ താപനില. ദിവസങ്ങളോളം മലമ്പുഴ മേഖലയിലാണ് ജില്ലയിലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇത് ഡാമിലെ ജലനിരപ്പിനെ ബാധിക്കുമെന്നാണ് ആശങ്ക.