palakkadu-

ഇടവം പാതി വർഷം
മിഥുനത്തിൽ വിതനം
കർക്കിടത്തിൽ ദുർഘടം
ചിങ്ങാറും ചീതലും
കന്നിയാറും കാതലും
തുലാം പത്ത് കഴിഞ്ഞാൽ
പിലാപൊത്തിലും കിടക്കാം....

കേരളത്തിന്റെ വർഷകാലത്തിന് ഇന്നാട്ടിലെ പഴമക്കാർ നൽകിയിരുന്ന വിവരണം ഇങ്ങനെയായിരുന്നു. മീനവും മേടവും കഴിഞ്ഞെത്തുന്ന വേനൽ, സൂര്യനാൽ വരണ്ട ഭൂമിയിലേക്ക് ഇടവം പകുതിയിൽ തുടങ്ങുന്ന മഴയോടെ ആറുമാസത്തെ വർഷകാലത്തിനും ആരംഭമാകും. മിഥുനത്തിൽ കൃഷിയിറക്കിയുള്ള വിതയ്ക്കലായി. കർക്കിടകത്തിൽ തിരിമുറിയാതെ പെയ്യുന്ന മഴയിൽ ജോലിക്ക് പോകാൻ കഴിയാതെ ദുർഘടത്തിലാവും. ചിങ്ങത്തിൽ ചീതൽ മഴയാണെങ്കിൽ കന്നി മാസത്തിൽ കാതലുണ്ടാകും. തുലാം മാസം പത്ത് കഴിഞ്ഞാൽ മഴ ഒഴിയുന്നതോടെ പ്ലാവിന്റെ പൊത്തിലും കിടന്നുറങ്ങാമെന്നാണ് ഈ നാടൻ ശീലിന്റെ പൊരുൾ.

കേരളം വരും ദിവസങ്ങളിൽ എരിതീയിൽ ഉരുകുമെന്ന സൂചനയാണ് ലഭിക്കുന്നത്. തുലാവർഷം പേരിനു മാത്രം പെയ്‌തൊഴിഞ്ഞതോടെ കടുത്ത വേനലിന്റെ പിടിയിലമരുകയാണ് കേരളം. പുഴകളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നു.
ഭൂപ്രകൃതിക്കു സംഭവിച്ച ദുരന്തത്തിന്റെ ഫലമാണ് ഈ വരൾച്ച. കുന്നുകളും മലകളും ഇടിച്ചു നിരത്തുകയും തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്തുകയും പുഴകളും തോടുകളും മലിനപ്പെടുത്തുകയും ചെയ്തതിനുള്ള പ്രകൃതിയുടെ പ്രതികാരം. അമിതമായ മണൽ ചൂഷണം മൂലം ആഴം കൂടിയ പുഴയിൽനിന്ന് കായലിലേക്കും കടലിലേക്കുമുള്ള നീരൊഴുക്ക് വേഗത്തിലായി. പെരുമഴയിൽ പുഴ നിറഞ്ഞാലും മണിക്കൂറുകൾക്കകം ജലം കടലിലേക്ക് പാഞ്ഞെത്തുന്ന അവസ്ഥ . കൊടിയ വരൾച്ചയും ശുദ്ധജല ക്ഷാമവും 44 നദികളുടെ നാടായ കേരളത്തിന്റെ നിലനിൽപ്പിന് ഭീഷണിയാവുകയാണ്.

പ്രളയശേഷം സംസ്ഥാനത്തിന്റെ ഭൂഗർഭ ജലത്തിന്റെ അളവ് പകുതിയായി. പ്രളയത്തിൽ ഉപരിതല മണ്ണ് ഒലിച്ചുപോയതിനാൽ ജലം ഭൂമിയിൽ താഴുന്നില്ല. കാസർകോട്ടും പാലക്കാട്ടും ഭൂഗർഭ ജലനിരപ്പ് രണ്ട് മീറ്ററോളം താഴ്ന്നുവെന്നാണ് കണക്കുകൾ പറയുന്നത്. പത്തുവർഷത്തെ ശരാശരിയിലും താഴെയാണ് ഭൂഗർഭ ജലവിതാനം.

ഭൂഗർഭജല വകുപ്പിന്റെ 756 ജലനിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ഒടുവിൽ കിട്ടിയ കണക്ക് പ്രകാരം 75 സെന്റീ മീറ്റർ മുതൽ രണ്ട് മീറ്റർ വരെയാണ് കുറവ്. ഏറ്റവും ആശങ്കയുണ്ടാക്കുന്ന കുറവ് കാസർകോട് ബ്ലോക്കിലും പാലക്കാട് മലമ്പുഴ ബ്ലോക്കിലുമാണ്. എല്ലാ വർഷവും ഇവിടങ്ങളിൽ ജലവിതാനം താഴാറുണ്ട്. ഇത്തവണ രണ്ടിടത്തും വേനൽ തുടങ്ങിയപ്പോൾ തന്നെ രണ്ട് മീറ്റർ ജലവിതാനം താഴ്ന്നുകഴിഞ്ഞു. ഏറെ ആശങ്കയോടെയാണ് കേരളം റിപ്പോർട്ടിലെ കണ്ടെത്തലുകളെ ഉൾക്കൊള്ളുന്നത്.

പെയ്‌തൊഴിയാത്ത മഴക്കാലം

തുലാവർഷം പിൻവാങ്ങുമ്പോൾ സംസ്ഥാനത്ത് 26 ശതമാനമാണ് മഴക്കുറവ്. വേനൽമഴയിലാണ് ഇനിയുള്ള പ്രതീക്ഷ. അതും കൈവിട്ടാൽ കനത്ത വരൾച്ചയാവും വരും മാസങ്ങളിൽ.

ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് കേരളത്തിൽ തുലാവർഷമായി കണക്കാക്കുന്നത്. 491.6 മില്ലിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് ഇത്തവണ കിട്ടിയത് 365.3 മില്ലിമീറ്റർ . കാസർകോട് ജില്ലയിൽ 14 ശതമാനം മഴ അധികം കിട്ടി. മറ്റ് ജില്ലകളിലെല്ലാം മഴ കുറവാണ് രേഖപ്പെടുത്തിയത്.

തുലാവർഷത്തിൽ മഴ കുറഞ്ഞതോടെ കേരളം കടുത്ത വരൾച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും നീങ്ങുമെന്ന ആശങ്ക ശക്തമാവുകയാണ്. മാർച്ച്, ഏപ്രിൽ, മേയ് മാസക്കാലത്തായി 361 മില്ലിമീറ്റർ വേനൽ മഴയാണ് ശരാശരി കേരളത്തിൽ കിട്ടാറുള്ളത്. ഇതിൽ കാര്യമായ കുറവുണ്ടായാൽ സംസ്ഥാനത്ത് പലയിടത്തും ശുദ്ധജലക്ഷാമം ഉണ്ടായേക്കും. 2017ലാണ് ഈ നൂറ്റാണ്ടിലെ എറ്റവുംവലിയ വരൾച്ച കേരളം അനുഭവിച്ചത്. 2016ലെ കാലവർഷ, തുലാമഴ കുറവാണ് കൊടിയ വരൾച്ചയിലേക്ക് നാടിനെ തള്ളിവിട്ടത്.

ചൂട് കൂടിയതോടെ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. മലമ്പുഴ ഡാമിൽ കുടിവെള്ളത്തിന് ആവശ്യമായ ജലം കരുതിയിട്ടുണ്ട്. ചൂട് ഇനിയും ഉയർന്നാൽ വെള്ളത്തിന്റെ അളവിൽ വലിയ കുറവ് സംഭവിക്കും, അത് ജലവിതരണത്തെ കാര്യമായി ബാധിക്കും. മലമ്പുഴഡാമിൽ 104.3 മീറ്റർ, വാളയാർ (196.86) മംഗലം (67.46), പോത്തുണ്ടി (98.09), ചുള്ളിയാർ (142.31), മീങ്കര (151.94) എന്നിങ്ങനെയാണ് ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ്.

വെള്ളം വെള്ളം സർവത്ര...

തുള്ളി കുടിക്കാൻ ഇല്ലത്രെ

ഭൂമിയിൽ കുടിക്കാൻ കൊള്ളാവുന്ന ജലത്തിന്റെ അളവ് കേവലം മൂന്നുശതമാനം മാത്രമാണ്. ബാക്കിയുള്ളത് ഉപ്പു വെള്ളമാണ്. വിദേശനാടുകളിൽ ചെലവേറിയ പ്രക്രിയയിലൂടെയാണ് ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നത്.
സംസ്ഥാനത്ത് കൂടുതൽ പേരും ആശ്രയിക്കുന്നത് ഭൂഗർഭ ജലസ്രോതസുകളെയാണ്. പാറയിടുക്കുകളിലും മണ്ണിന്റെ അകത്തളങ്ങളിലും സംഭരിച്ചു വെച്ചിട്ടുള്ളതാണ് ഭൂഗർഭജലം. സംസ്ഥാനത്തെ 70 ശതമാനം പേരും കുടിവെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. ഗ്രാമീണ മേഖലകളിലെ കിണറുകളിൽ ഏറെയും വേനലിൽ വറ്റിവരളുന്നവയാണ്. ഓരോ വർഷവും കുടിവെള്ളമെത്തിക്കാനായി പഞ്ചായത്തുകൾ വൻതുക ചെലവഴിക്കുന്നു. ഗ്രാമങ്ങളിലെ പഴയ കിണറുകളുടെ ആഴം പത്തോ ഇരുപതോ അടിയാണ്. എന്നാൽ കിണറുകൾ ഇന്ന് കുഴിച്ചുകുഴിച്ച് ആഴം കൂട്ടിയിട്ടും വെള്ളം കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ട് സാധാരണ കിണറിനേക്കാൾ കേരളീയർ കുഴൽക്കിണറുകളെ ആശ്രയിക്കുന്നു. ഭൂഗർഭ ജലനിരപ്പ് നന്നേ താഴ്ന്നു പോയതിനാലാണ് കിണറുകൾക്ക് ആഴം കൂട്ടേണ്ടി വരുന്നത്. ചതുപ്പുകളും പാടങ്ങളും കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാത്തതാണ് ഇതിന് കാരണം.

വേണം ദീർഘവീക്ഷണം
സ്വാതന്ത്ര്യത്തിനു മുമ്പ് 220 ൽപരം വൻകിട - ഇടത്തരം ജലപദ്ധതികൾ രാജ്യത്തുണ്ടായിരുന്നുവെങ്കിൽ ഇന്നത് 1000 ലേറെയായി വളർന്നിട്ടുണ്ട്. മനുഷ്യന്റെ ജല ഉപയോഗത്തിന്റെ ആധിക്യമാണിത് സൂചിപ്പിക്കുന്നത്. കേരളത്തിൽ ഒരാൾക്ക് ഗാർഹികാവശ്യത്തിന് വേണ്ട ജലത്തിന്റെ അളവ് ദിവസം 85 ലിറ്ററാണെന്നാണ് പഠനങ്ങൾ പറയുന്നത്. 2050 ആകുമ്പോഴേക്കും ഒരാൾക്ക് ദിവസം 170 ലിറ്റർ ജലം എന്ന തോതിൽ വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ പറയുന്നത്. ഇത്രയും ജലം എങ്ങനെ എവിടെ നിന്ന് ലഭ്യമാക്കുമെന്ന ചർച്ചയിൽ വഴിമുട്ടി നിൽക്കുകയാണ് ഭരണകൂടം.

ഗ്രാമങ്ങളിൽ വരെ കുടിവെള്ളം കുപ്പിയിലാക്കി വിൽക്കുന്നു. ഭൂമിയിലെ കോടിക്കണക്കിന് വരുന്ന ജീവജാലങ്ങൾക്ക് ആവശ്യമുള്ളതിന്റെ നാൽപത് ഇരട്ടിയിലേറെ വെള്ളം ഭൂമിയിലുള്ളപ്പോഴാണ് കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും ലോക രാജ്യങ്ങളും ജലദൗർലഭ്യം അഭിമുഖീകരിക്കുന്നത്. മഴവെള്ള സംരക്ഷണത്തിനു ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. കൂടുതൽ തടയണകൾ നിർമിച്ച് വെള്ളം കെട്ടിനിറുത്തി മണ്ണിന്റെ ശുദ്ധജല സംഭരണശേഷി കൂട്ടണം. കിണറും കുളങ്ങളും വറ്റുന്നതിന് ഇതോടെ പരിഹാരമാകും. വേനൽ വരൾച്ച നേരിടാൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കിണറുകളെ മഴ വെള്ളത്താൽ റീചാർജ് ചെയ്യുന്ന പദ്ധതി ഒരുപരിധിവരെ വലിയ ആശ്വാസം നൽകുന്നുണ്ട്. പദ്ധതികൾ ജലരേഖയാവാതിരുന്നാൽ ജലം സംരക്ഷിക്കാനാവുമെന്ന് തീർച്ച.