പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം ശക്തമായ പശ്ചാത്തലത്തിൽ ജില്ലയിലും പരിശോധന ശക്തമാക്കി പൊലീസ്. എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള പരിശോധനകളാണ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കും. കൂടാതെ പൊതുസ്ഥലങ്ങളിലെ നിയന്ത്രണം വിലയിരുത്തി പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും.
അതിർത്തിയിൽ തമിഴ്നാട് പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർ എന്നിവരുടെ വാഹന പരിശോധന ശക്തമാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പൊലീസ് തടഞ്ഞ് ഇ-പാസ് പരിശോധിക്കുന്നുണ്ട്. പാസില്ലാത്തവർ അതിർത്തിയിൽ നിന്ന് പാസെടുത്താണ് തമിഴ്നാട്ടിലേക്ക് കടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കൊവിഡ് പരിശോധനകളുടെയും വാക്സിനേഷന്റെയും എണ്ണം കൂട്ടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കുതിക്കുന്ന പോസിറ്റീവ്
രണ്ടാഴ്ച മുമ്പ് പ്രതിദിന കൊവിഡ് കേസ് നൂറിൽ താഴെയായിരുന്നിടത്ത് നിലവിൽ 200നടുത്താണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇത് മൂന്നാഴ്ചയ്ക്കകം 300 കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും ഉത്സവങ്ങളുമാണ് വ്യാപന കാരണം.
നേരത്തെ പ്രതിദിനം 4000 ആളുകൾ കൊവിഡ് പരിശോധന നടത്തിയിരുന്നു.
നിലവിൽ 2500 പേർ മാത്രമാണ് പരിശോധന നടത്തുന്നത്.
ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാകുമ്പോൾ മാത്രമാണ് ആളുകൾ പരിശോധനയ്ക്ക് എത്തുന്നത്.
ഇതുമൂലം പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയാണ്.
നിലവിൽ 1600ലധികം പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളത്.
വ്യാപനം തടയും
വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പരിശോധന കൂട്ടുന്നത്. ഇതിനായി മെഡി.കോളേജിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. കൊല്ലങ്കോട്, ആലത്തൂർ, ചാലിശേരി തുടങ്ങിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിൾ മെഡിക്കൽ കോളേജിൽ പരിശോധിക്കും. മൂന്നിടങ്ങളിലും എല്ലാ പ്രവർത്തി ദിവസങ്ങളിലും സാമ്പിൾ ശേഖരിക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ നേരിട്ടെത്തി സാമ്പിൾ നൽകാനാകില്ല. സാമ്പിൾ മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കിയാൽ ഒരു ദിവസം കൊണ്ടുതന്നെ ഫലമറിയാം.
വാക്സിനേഷൻ വർദ്ധിപ്പിക്കും
കൊവിഡ് പരിശോധനകളുടെയും വാക്സിനേഷന്റെയും എണ്ണം കൂട്ടി വ്യാപനം തടയാനുള്ള ശ്രമമാണ് നടക്കുന്നത്. കൊവിഡ് വാക്സിൻ നൽകാനും നല്ല ക്രമീകരണമാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൽ വിതരണം നടക്കുന്നുണ്ട്. പ്രതിദിനം 12000 പേർ വാക്സിൻ സ്വീകരിക്കുന്നുണ്ട്.
-ആരോഗ്യവകുപ്പ്.