k
പാലക്കാട്ടുശ്ശേരി ശേഖരീവർമ്മ വലിയ രാജാവായി കോണിക്കലിടം ചാത്തു അച്ചനെ അരിയിട്ടു വാഴിക്കുന്ന ചടങ്ങിൽ കീരിടം അണിയിക്കുന്നു.

പാലക്കാട്: പാലക്കാട്ടുശ്ശേരി രാജവംശത്തിലെ ശേഖരീവർമ വലിയ രാജാവ് കിഴക്കേ കോണിക്കലിടം ചാത്തു അച്ചന്റെ അരിയിട്ടുവാഴ്ച (സ്ഥാനാരോഹണ ചടങ്ങ്) നടന്നു. കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കുറൂർ, കൈമുക്ക്, പൂന്തോട്ടം എന്നീ ഇല്ലങ്ങളിലെ നമ്പൂതിരിമാർ കാർമ്മികത്വത്തിന് നേതൃത്വം നൽകി.

ശ്രീകോവിലിന് വടക്കുഭാഗത്ത് ചിത്രകൂടം ഉണ്ടാക്കി അലങ്കരിച്ച് അതിന് അരികെയാണ് രാജാവ് മുൻകാലങ്ങളിൽ സഞ്ചരിക്കാറുള്ള മഞ്ചലിന്റെ തണ്ടുവച്ച് പൂജ നടത്തിയത്. തുടർന്ന് നാൽപ്പാമര വെള്ളത്തിൽ കുളിപ്പിച്ച ശേഷം ദേഹശുദ്ധി വരുത്തി കളഭം അണയിച്ച് പട്ടും കീരിടവും വീരശൃംഖലയും അണയിച്ച് രാജാവിനെ വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രസമുച്ചയത്തിലേക്ക് ആനയിച്ചു. ദേവീദേവമാരെ തൊഴുത് പ്രദിക്ഷണം നടത്തി.

ശേഷം അധികാര ചിഹ്നമായ വാൾ രാജാവിനെ ഏൽപ്പിക്കുകയും അതിനെ തലച്ചെന്നോർ അധികാരിക്ക് കൈമാറുകയും ചെയ്തതോടെയാണ് അരിയിട്ടുവാഴ്ച ചടങ്ങുകൾക്ക് സമാപനമായത്. രാജഭരണം അവസാനിച്ചെങ്കിലും പാലക്കാട്ടുശ്ശേരിയിൽ ഇന്നും ആചാരങ്ങൾ കീഴ് വഴക്കമനുസരിച്ച് തുടരുകയാണ്. 32 വർഷങ്ങൾക്ക് ശേഷമാണ് പാലക്കാട്ടിശ്ശേരി രാജാവിന്റെ അരിയിട്ടുവാഴ്ച നടക്കുന്നത്. ഇതിന് മുമ്പ് 1989ൽ വലിയ രാജാവായിരുന്ന ഇളയച്ചനിടത്തിൽ കുഞ്ചു അച്ചനെയാണ് അരിയിട്ടുവാഴ്ച നടത്തിയത്. ഈ ചടങ്ങ് നടക്കുന്നതോടെ രാജാവ് ഭഗവതിയുടെ പ്രതിപുരുഷനാകുമെന്നാണ് വിശ്വാസം.

പാലക്കാട്ടുശ്ശേരി സേവന സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് പ്രസിഡന്റ് വി.എം.പീതാംബരവർമ, കെ.കെ.അഭിലാഷ്, വി.ആർ.ശ്രീധർ, സോഹൻ, വിപിൻ ശേക്കുറി തുടങ്ങിയവർ നേതൃത്വം നൽകി.