w

പാലക്കാട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ പോളിംഗ് ബൂത്തുകളിലെ മാലിന്യമെല്ലാം ശാസ്ത്രീയമായി സംസ്‌കരിച്ച് ഹരിതസേന. പോളിംഗ് സ്റ്റേഷനുകളിലെ മാലിന്യ ശേഖരണത്തിനും നിർമ്മാർജ്ജനത്തിനുമായി തദ്ദേശ സ്ഥാപനങ്ങൾ ഹരിത സേനയെയാണ് ഏർപ്പെടുത്തിയിരുന്നത്.

ബൂത്തുകളിൽ നിന്ന് ശേഖരിച്ച മാലിന്യം വാഹനങ്ങളിൽ കൊണ്ടുപോയി സംസ്കരിച്ചു. ബയോമെഡിക്കൽ മാലിന്യങ്ങളും ഇതോടൊപ്പം നീക്കം ചെയ്തു. കൊവിഡ് കാലമായതിനാൽ മാസ്‌ക്, ഗ്ലൗസ്, പി.പി.ഇ കിറ്റുകൾ തുടങ്ങിയ മെഡിക്കൽ മാലിന്യമാണ് കൂടുതലായും ബൂത്തുകളിൽ നിന്ന് നീക്കം ചെയ്തത്. മെഡിക്കൽ മാലിന്യ സംസ്‌കരണം മലമ്പുഴയിലെ ഇമേജിനെയാണ് ഏൽപ്പിച്ചതെന്ന് ഹരിത മിഷൻ അറിയിച്ചു.

പ്രവർത്തനങ്ങളുടെ ഭാഗമായി സേനാംഗങ്ങൾക്ക് ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ് തുടങ്ങിയവ വിതരണം ചെയ്ത് പരിശീലനവും നൽകിയിരുന്നു. ജില്ലയിലെ 3425 പോളിംങ് ബൂത്തുകളിലായി ജൈവ-അജൈവ മാലിന്യ ശേഖരണത്തിനായി മൂന്നു കവറുകൾ, പ്ലാസ്റ്റിക് ബക്കറ്റ് എന്നിവ വീതമാണ് സ്ഥാപിച്ചിരുന്നത്. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യം അതത് മാലിന്യ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്തു. ഇവ പൊടിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ പറഞ്ഞു.