v

പാലക്കാട്: മേടപ്പുലരിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ വിഷുവിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാരണം വിഷു ആഘോഷം ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് പടക്കം ഉൾപ്പെടെയുള്ള വിഷുവിപണി പൂർണമായും നിശ്ചലമായി.

ഇത്തവണ വിഷുവിപണിയെ ഏറെ പ്രതീക്ഷയോടെയാണ് കച്ചവടക്കാർ നോക്കിക്കാണുന്നത്. വിപണി സജീവമായിട്ടില്ലെങ്കിലും നിലവിൽ നഗരത്തിലെ മിക്ക കടകളിലും കണിവെള്ളരിയും കണിമത്തനും എത്തിക്കഴിഞ്ഞു. കണിവെള്ളരി കിലോയ്ക്ക് 38ഉം കണിമത്തൻ 20 രൂപയുമാണ് നിലവിലെ വില. വിഷു അടുക്കുന്തോറും വിപണി സജീവമാകുന്നതോടെ പച്ചക്കറി ഉൾപ്പെടെയുള്ളവയ്ക്ക് വില ഉയരാൻ സാദ്ധ്യതയുണ്ട്.

പടക്കവിപണി റെഡി

കൊവിഡ് തളർത്തിയ പടക്ക വിപണി ഇത്തവണയെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. വിഷുക്കാലമാണ് കേരളത്തിലെ പടക്ക വ്യാപാരികളുടെ പ്രധാന വരുമാന കാലം. സ്റ്റോക്ക് ചെയ്തതും പുതിയ സ്റ്റോക്കിന് അഡ്വാൻസ് നൽകിയതുമടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് കഴിഞ്ഞ വർഷം ലോക്ക് ഡൗണിൽ വ്യാപാരികൾക്കുണ്ടായി.

വിഷുവിന് പിന്നാലെ എത്തുന്ന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും റംസാനും വലിയ സാദ്ധ്യതയാണ് തുറന്നിടുന്നത്. വിഷുവിനെത്തുന്ന പടക്കങ്ങളിൽ 80 ശതമാനവും ശിവകാശിയിൽ നിന്നാണ്. ചൈനീസ് പടക്കങ്ങളുമുണ്ട്. തമിഴ്നാട്ടിൽ നിയന്ത്രണം കടുപ്പിച്ചെങ്കിലും സ്റ്റോക്കിന് കാര്യമായ കുറവില്ല. ശബ്ദം കുറഞ്ഞ ചൈനീസ് പടക്കം തന്നെയാണ് താരം. കൂടാതെ നിറങ്ങൾക്കും പ്രകാശത്തിനും പ്രാധാന്യം നൽകുന്ന വിവിധയിനങ്ങളും വിപണിയിലുണ്ട്. രണ്ടുമിനിറ്റോളം ആഘോഷ തിമിർപ്പ് നിറയ്ക്കുന്ന മേശപ്പൂവ് ഏറെ ഡിമാന്റുള്ളതാണ്.

കൊവിഡ് വ്യാപന സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കടകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഹോം ഡെലിവറി സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക വ്യാപാരികളും. വരും ദിവസങ്ങളിൽ വിപണിയിൽ തിരക്കേറുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.