പാലക്കാട്: കൊവിഡ് മാനദണ്ഡം പാലിച്ച് പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കൂത്തഭിഷേകം-താലപ്പൊലി വേല ആഘോഷിച്ചു. രാവിലെ പതിവ് പൂജകൾക്ക് ശേഷം 7.30ന് 25 കലശാഭിഷേകം, പന്തീരടി പൂജ, കൊട്ടിപ്പാടി സേവ എന്നിവ നടന്നു.
ഒമ്പതിന് ആന, പഞ്ചവാദ്യം സഹിതം കാഴ്ചശീവേലി, ഉച്ചയ്ക്ക് 2.30ന് മദ്ദളകേളി, കൊമ്പ്, കുഴൽപറ്റ് എന്നിവ അരങ്ങേറി. വൈകിട്ട് നാലിന് ഈടുവെടിയ്ക്ക് ശേഷം 4.30ന് പകൽവേല പുറപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് പകൽവേല കാണാനെത്തിയത്. രാത്രി ഏഴിന് പാണ്ടിമേളം, 10.30ന് കേളി, 11.30ന് പഞ്ചതായമ്പക എന്നിവ അരങ്ങേറി.
പുലർച്ചെ കേളി, കൊമ്പ്, കുഴൽപറ്റ്, താലപ്പൊലി എഴുന്നള്ളത്ത്, 5.15ന് താലം ചൊരിയൽ, 5.30ന് പഞ്ചാരിമേളം, രാവിലെ എട്ടിന് ശ്രീരാമപട്ടാഭിഷേകം, തുടർന്ന് ഈടുവെടി ചടങ്ങുകൾക്കു ശേഷം വേലയ്ക്ക് കൊടിയിറങ്ങും.