kuthiran
കുതിരാൻ തുരങ്കം

വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിലൂടെയുള്ള വാഹന ഗതാഗതം അടുത്ത മാസം ആരംഭിക്കും. തുരങ്കങ്ങളിലൊന്നിന്റെ നിർമ്മാണം ഈ മാസം 30ന് മുമ്പ് പൂർത്തിയാവും. ഈ ആഴ്ച തുരങ്കത്തിനുള്ളിൽ വൈദ്യുതി കണക്ഷൻ ലഭിക്കും. കൺട്രോൾ സ്റ്റേഷൻ നിർമ്മാണം പുരോഗമിക്കുകയാണ്.

ഗുഹാമുഖത്തിന് മുകളിലെ മണ്ണ് നീക്കം ചെയ്ത് ഷോർട്ട് കോൺക്രീറ്റിംഗ് നടത്തുന്ന ജോലി ആരംഭിച്ചു. പടിഞ്ഞാറേ തുരങ്ക മുഖത്തിന് മുൻവശത്തെ പാറക്കെട്ട് നീക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡ് നിർമ്മാണം വേഗത്തിലാക്കി. പട്ടിക്കാട്, പീച്ചി റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ അടിപ്പാത നിർമ്മാണം വേഗത്തിലാക്കി.

പട്ടിക്കാട്ടെ അടിപ്പാതയിൽ മുകൾ ഭാഗത്തെ സ്ലാബുകളുടെ കോൺക്രീറ്റിംഗ് ആരംഭിച്ചു. ഇരുവശങ്ങളിലും മണ്ണുനിറയ്ക്കുന്ന ജോലി തുടരുകയാണ്. പീച്ചി റോഡ് ജംഗ്ഷനിലെ അടിപ്പാതയിൽ പാർശ്വമതിൽ നിർമ്മാണം ഈ ആഴ്ച പൂർത്തിയാകും.

വഴുക്കുമ്പാറയിൽ നിലവിലെ പാതയിൽ നിന്ന് ഒമ്പത് മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന മേൽപ്പാതയുടെ ഒരു ഭാഗത്തെ കോൺക്രീറ്റിംഗും പൂർത്തിയായി. മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത നിർമ്മാണം ഒക്ടോബറിന് മുമ്പ് അന്തിമമായി പൂർത്തിയാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു.