ഒറ്റപ്പാലം: മഴക്കാറ് കാണുമ്പോൾ തന്നെ പേടിയാണ് തെന്നടി ബസാറിലെ ശാന്തിനഗറിലുള്ള കുടുംബങ്ങൾക്ക്. ഇനിയും മഴ പെയ്താൽ കണ്ണിയംപുറം തോടെങ്ങാനും കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറുമോ എന്ന പേടി.
കാലവർഷമെത്തുന്നതിന് മുമ്പായി നഗരത്തിലെ ഈസ്റ്റ് ഒറ്റപ്പാലം തോട്ടിലെ മണ്ണും മണലും നീക്കം ചെയ്ത് വൃത്തിയാക്കുകയും സുഖമമായ ഒഴുക്ക് വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കണ്ണിയംപുറംതോട്ടിലെ തടസങ്ങൾ നീക്കം ചെയ്തിരുന്നില്ല. ഈസ്റ്റ് ഒറ്റപ്പാലം തോട് പോലെ കണ്ണിയംപുറം തോട്ടിലെയും തടസങ്ങൾ നീക്കം ചെയ്യണമെന്നാണ് ശാന്തിനഗർ റസിഡൻസ് അസോസിയേഷനിലെ കുടുംബങ്ങളുടെ ആവശ്യം.
ശാന്തിനഗറിന് സമീപത്ത് കൂടിയാണ് കണ്ണിയംപുറം തോട് ഒഴുകുന്നത്. 45 കുടുംബങ്ങളാണ് ശാന്തിനഗറിൽ താമസിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഇവിടെയുള്ള വീടുകളിൽ വെള്ളം കയറിയിരുന്നു. പ്രളയ ഭീഷണിയെ തുടർന്ന് മൂന്ന് കുടുംബങ്ങളും വീടൊഴിഞ്ഞ് പോയിരുന്നു. വെള്ളത്തിന്റെ സുഖമമായ ഒഴുക്കിന് തടസമായ തോടിലെ മണ്ണും മണലും നീക്കി കാട് വെട്ടിത്തെളിച്ച് പ്രളയ ഭീഷണി ഒഴിവാക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. അടുത്ത ദിവസം തന്നെ തോട്ടിലെ തടസം നീക്കുന്ന പ്രവർത്തി ആരംഭിക്കുമെന്ന് നഗരസഭാധികൃതർ അറിയിച്ചു.