പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം പിടിമുറുക്കിയ സാഹചര്യത്തിൽ ജില്ലയിൽ കുത്തിവെയ്പ്പ് ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ നടപടികൾ കൂടുതൽ ഫലപ്രദമാക്കാൻ കുടുംബശ്രീയും രംഗത്ത്. ജില്ലാമെഡിക്കൽ ഓഫീസറുടെയും ഡെപ്യൂട്ടി കളക്ടറുടെയും നിർദ്ദേശപ്രകാരം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ 'വാക്സിൻ എടുക്കൂ, സുരക്ഷിതരാകൂ' എന്ന കാമ്പെയിന് ജില്ലയിൽ തുടക്കമായി.
വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് സർവേ നടത്തി കൊവിഡ് പ്രതിരോധ കുത്തിവയ്പു നടത്തിയവരുടെയും അല്ലാത്തവരുടെയും (45 വയസിനു മുകളിൽ) കണക്കെടുത്ത് ആരോഗ്യവകുപ്പിന് കൈമാറുന്ന പ്രവർത്തനമാണ് നിലവിൽ പുരോഗമിക്കുന്നത്. സർവേ കണക്കുകൾ പരിശോധിക്കാനും പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി എ.ഡി.എസുകളുടെ നേതൃത്വത്തിൽ അയൽക്കൂട്ടം അംഗങ്ങളുടെ പ്രത്യേകയോഗവും ചേരും. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് ശുപാർശ ചെയ്യുകയും ചെയ്യും. തുടർന്ന് ആരോഗ്യവകുപ്പും അതതു പി.എച്ച്.സികളും തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് അഞ്ച് വാർഡുകൾക്ക് ഒരു കേന്ദ്രം എന്നതോതിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പിന് പ്രത്യേക സംവിധാനം ഒരുക്കും. ഇതുവഴി പരമാവധി പേർക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
വീണ്ടും കണ്ടെയിൻമെന്റ് സോണുകൾ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊവിഡ് ബാധിത മേഖലകളെ കണ്ടെയിൻമെന്റ്, മൈക്രോ കണ്ടെയിൻമെന്റ് സോണുകളാക്കി തരംതിരിക്കും. ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കും. കൂടാതെ പ്രതിരോധ കുത്തിവെയ്പു വ്യാപകമാക്കാൻ മൊബൈൽ മെഡിക്കൽ ലാബ് കണ്ടെയ്നർ സംവിധാനവും ആരംഭിക്കും. ജില്ലയിൽ കൊവിഡ് തീവ്രത ഏറിയ സ്ഥലങ്ങളിൽ കളക്ഷൻ പോയിന്റുകൾ സ്ഥാപിച്ച് സാംമ്പിൾ ശേഖരിച്ച് മെഡിക്കൽ കോളേജിലെ കണ്ടെയ്നർ ലാബിൽ എത്തിച്ചു പരിശോധിക്കും. ഇതുവഴി ദിനംപ്രതി 2000 പേരെ പരിശോധിക്കാനാണ് ജില്ലാ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ 2600 വയോജന അയൽക്കൂട്ടങ്ങളിൽ വാക്സിൻ എടുത്തവരുടെ സഹായത്തോടെ കാമ്പെയിൻ നടത്തിവരുന്നുണ്ട്. പ്രവർത്തനങ്ങൾ ഏകോപിക്കാൻ ആശാപ്രവർത്തകരും രംഗത്തുണ്ട്. വാക്സിൻ എടുക്കാൻ പേടിയുള്ളവർക്കായി കുടുംബശ്രീയുടെ കീഴിൽ പ്രർത്തിക്കുന്ന ജെൻഡർ റിസോഴ്സ് സെന്ററുകൾ, സ്നേഹിത എന്നിവവഴി ടെലി കൗൺസിലിങ്ങും ലഭ്യമാണ്. ബോധവത്കരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ അടുത്തയാഴ്ച മോട്ടോർ സൈക്കിൾ റാലിയും സംഘടിപ്പിക്കും. പി.സെയ്തലവി,
കുടുംബശ്രീ മിഷൻ, ജില്ലാ കോ-ഓർഡിനേറ്റർ