el

ചിറ്റൂർ: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയായി. കണക്കുകൂട്ടലിലും കിഴിക്കലിലുമാണ് മുന്നണി നേതൃത്വങ്ങൾ. അതിർത്തി മണ്ഡലമായ ചിറ്റൂരിൽ ഇടതുവലതു മുന്നണികളും ഒരുപോലെ വിജയ പ്രതീക്ഷയിലാണ്. മണ്ഡലത്തിൽ ശക്തി ഇരട്ടിയാക്കാനായെന്ന ഉറപ്പിലാണ് എൻ.ഡി.എ ക്യാമ്പ്.

ബൂത്ത് കമ്മിറ്റികൾ ശേഖരിച്ച കണക്കുകൾ നോക്കിയാണ് ജില്ലാ നേതൃത്വങ്ങൾ തങ്ങളുടെ വിജയപ്രതീക്ഷ പങ്കുവയ്ക്കുന്നത്. ഇടതു മുന്നണി 20000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചിറ്റൂരിൽ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. യു.ഡി.എഫ് പതിനായിരത്തിനും 15000നും ഇടയിൽ ഭൂരിപക്ഷമുണ്ടാകുമെന്നും പറയുന്നു.

മുൻകാലങ്ങളെ പോലെ ഇത്തവണയും ജല രാഷ്ട്രീയം ചിറ്റൂരിൽ വലിയ ചർച്ചയായി. മന്ത്രി എന്ന നിലയിൽ കെ.കൃഷ്ണൻകുട്ടിയുടെ ഇടപെടലിലൂടെ മേഖലയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞതും ആർ.ബി.സി കനാൽ ഉൾപ്പെടെയുള്ള വിഷയത്തിലെ ഇടപെടലും വോട്ടാകുമെന്ന് എൽ.‌ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു. കൂടാതെ ചരിത്രത്തിൽ ആദ്യമായി നഗരസഭ ഭരണം പിടിക്കാൻ കഴിഞ്ഞും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു.

പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ മുഴുവനും പോൾ ചെയ്യിക്കാനായെന്ന് യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നു. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിൽ ഇത്തവണ മികച്ച പോളിംഗായിരുന്നു എന്നത് യു.ഡി.എഫിന് വലിയ പ്രതീക്ഷയാണ്. പുതിയ വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്താൻ സ്ഥാനാർത്ഥി സുമേഷ് അച്യുതന് കഴിഞ്ഞെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതിന്റെ ഗുണം തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ടെന്നും യു.ഡു.എഫ് ക്യാമ്പ് വ്യക്തമാക്കുന്നു.

തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾ ഏറെയുള്ള അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ എൻ.ഡി.എ സ്ഥാനാർത്ഥി വി.നടേശൻ മികച്ച പ്രചാരണം നടത്തിയിരുന്നു. 12000 വോട്ടാണ് മണ്ഡലത്തിൽ എൻ.ഡി.എക്ക് ഉള്ളത്. അത് വി.നടേശന് ഉയർത്താൻ കഴിഞ്ഞാലത് ഏത് മുന്നണിയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്നാണ് അറിയാനുള്ളത്.