പാലക്കാട്: വിഷുവും റംസാനും അടുത്തതോടെ പഴവർഗങ്ങൾക്ക് തീവില. ഇത്തവണ വിഷുക്കണിയൊരുക്കാൻ പഴങ്ങൾ വയ്ക്കണമെങ്കിൽ കീശ കാലിയാക്കേണ്ട അവസ്ഥയാണ്.
വിഷുക്കണിയിലെ പ്രധാന വിഭവമാണ് പഴങ്ങൾ. ആപ്പിൾ, ഓറഞ്ച്, മുന്തിരി എന്നിവയ്ക്ക് ഒരാഴ്ചക്കിടെ 20 രൂപയോളം വില കൂടി. ഇതോടെ പഴങ്ങൾ വാങ്ങാൻ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടും. ജില്ലയിലേക്ക് പഴങ്ങൾ വരുന്നത് കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവിടെ ഉല്പാദന സീസൺ അവസാനിച്ചതാണ് വില ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
ചക്ക, മാങ്ങ എന്നിവയ്ക്കും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില കൂടുതലാണ്. ചെറിയ ചക്കയ്ക്ക് 50-60 രൂപയും, വലുതിന് 250 രൂപയുമാണ് വില. വിഷും കഴിഞ്ഞാലും റംസാൻ നോമ്പ് തുടരുന്നതിനാൽ പഴങ്ങൾക്ക് ഇനിയും വില കൂടാനാണ് സാദ്ധ്യത.
പഴങ്ങൾ- വില (കിലോയിൽ)
ആപ്പിൾ- 200
ഓറഞ്ച്- 150
മുന്തിരി (വെള്ള)- 100
മുന്തിരി (കറുപ്പ്)- 90
ചക്ക- 30
മാങ്ങ- 100
പൈനാപ്പിൾ- 65
പച്ചക്കറിയിൽ അല്പം ആശ്വാസം
വിഷു അടുക്കുമ്പോൾ സാധാരണ പച്ചക്കറി വില ഉയരാറുണ്ടെങ്കിലും ഇത്തവണ വലിയ വ്യത്യാസമില്ല. പഴങ്ങൾക്ക് തീവിലയുള്ള സാഹചര്യത്തിൽ പച്ചക്കറിക്ക് വില ഉയരാത്തത് സാധാരണക്കാർക്ക് അല്പം ആശ്വാസം നൽകുന്നു. വിഷുസദ്യ ഒരുക്കാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതലായും പച്ചക്കറി എത്തുന്നത്. ഇവിടങ്ങളിൽ വിളവ് ഇത്തവണ കൂടുതലായതിനാൽ ക്ഷാമമില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
പച്ചക്കറി- വില (കിലോയിൽ)
തക്കാളി- 20
മുരിങ്ങക്കായ- 40
വെണ്ട- 36
വഴുതിന- 40
മത്തൻ- 20
കുമ്പളം- 18
ഉരുളക്കിഴങ്ങ്- 25
പച്ചമുളക്- 50
വെള്ളരി- 40
ചെറിയ ഉള്ളി- 40
സവാള- 22