പാലക്കാട്: പരിമിതികൾക്കിടയിലും തിരഞ്ഞടുപ്പുകാലത്ത് ശ്രദ്ധേയമായി ബി.എസ്.എൻ.എല്ലിന്റെ സേവനം. വലിയൊരു വെല്ലുവിളിയായി തിരഞ്ഞടുപ്പ് പ്രവർത്തനം ഏറ്റെടുത്തത് വിജയകരമായി നടത്താനായെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.
ജില്ലയിൽ ബിസിനസ് ഏരിയയിലെ 1537 ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ഒപ്‌റ്റിക്കൽ ഫൈബർ സംവിധാനം പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെ ബി.എസ്.എൻ.എൽ ഏർപ്പെടുത്തിയത്. പ്രശ്നബാധിത മേഖലയായ അഗളി, മണ്ണാർക്കാട് ഉൾപ്പെടെയാണ് ഇത്രയും ബൂത്തുകൾ.
സംസ്ഥാത്താകെ 20,000 ബൂത്തുകളിൽ ഇത്തരത്തിൽ ചുരുങ്ങിയ ദിവസത്തിനുള്ളറിൽ ഒപ്‌റ്റിക്കൽ ഫൈബർ കണക്ടിവിറ്റി ഏർപ്പെടുത്തി. ജീവനക്കാരുടെ കൂട്ടവിരമിക്കലും സാമ്പത്തിക പ്രതിസന്ധിക്കിടയിലുമാണ് നേട്ടം കൈവരിക്കാനായത്. ബൂത്തിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ അതുൾപ്പെടെ മുഴുവൻ നടപടി ക്രമങ്ങളും ക്യാമറയിൽ പകർത്താനും കുറ്റമറ്റ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വഴിയൊരുക്കുന്നുന്നതിനുമാണ് ഈ ലൈവ് സ്ട്രീമിംഗ്.
ജില്ലാ ആസ്ഥാനത്തുള്ള രണ്ട് കൺട്രോൾ റൂമിലും സെക്കന്റിൽ ഒരു ജിഗാബൈറ്റ് വേഗതയിലുള്ള നെറ്റ് വർക്ക് സംവിധാനമാണ് ഒരുക്കിയത്. കെൽട്രോൺ, അക്ഷയ, പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ എന്നിവരടങ്ങിയ സംഘമാണ് കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ ബി.എസ്.എൻ.എല്ലിനൊപ്പം സേവനം വിജയകരമാക്കാൻ കൂട്ടായി പ്രവർത്തിച്ചത്.