hen

പാലക്കാട്: ചൂടിന്റെ കാഠിന്യം കൂടിയത് കോഴികൾക്കും ദുരിത കാലമാകുന്നു. ജില്ലയിൽ പലയിടങ്ങളിലായി കോഴികളിൽ പകർച്ചവ്യാധി പടരുകയാണ്. നിരവധി സ്ഥലങ്ങളിൽ അസുഖം മൂലം കോഴികൾ ചത്തൊടുങ്ങാൻ തുടങ്ങിയതോടെ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പക്ഷിമൃഗാദികളിലെ വേനൽ രോഗങ്ങൾക്കെതിരെ ശക്തമായ മുൻകരുതൽ വേണമെന്നാണ് നിർദേശം.

കോഴികളെ ദിവസവും നീരിക്ഷിക്കണം. ഒരു കോഴിക്ക് അസുഖം കണ്ടാൽ ഉടനെ അതിനെ മറ്റു കോഴികളിൽ നിന്ന് മാറ്റി നിറുത്തുകയും മരുന്ന് നൽകുകയും വേണം. അല്ലാത്ത പക്ഷം സമ്പർക്കത്തിലൂടെയും വായുവിലൂടെയും മറ്റു കോഴികൾക്ക് അസുഖം പടരും. കോഴിവസന്ത, കോഴിവസൂരി എന്നിവയും കണ്ണിൽ ബാധിക്കുന്ന അസുഖവുമാണ് കൂടുതലായും കണ്ടുവരുന്നത്. തീറ്റ എടുക്കാതിരിക്കൽ, ഒരിടത്തുതന്നെ തലതാഴ്ത്തി തൂങ്ങി നിൽക്കൽ, വെള്ളം കലർന്ന വെള്ളനിറത്തിലുള്ള കാഷ്ഠം എന്നിവയാണ് കോഴിവസന്തയുടെ പ്രധാനലക്ഷണം.

ശ്രദ്ധിക്കേണ്ടവ

24 മണിക്കൂറൂം ശുദ്ധമായ വെള്ളം ലഭ്യമാക്കാൻ ശ്രദ്ധിക്കണം.

തുളസി, മഞ്ഞൾ, പനിക്കൂർക്ക എന്നിവ അടങ്ങിയ വെള്ളം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നൽകുന്നത് കോഴികളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

തണൽ കൂടുതലുള്ള ഭാഗങ്ങളിൽ കോഴികളെ വളർത്തുക.

കോഴിത്തീറ്റയിൽ പൂപ്പലില്ലെന്ന് ഉറപ്പാക്കുക.

തീറ്റപ്പാത്രങ്ങളും വെള്ളം നൽകുന്ന പാത്രങ്ങളും കഴുകി വൃത്തിയാക്കുക.

കൂടിനും ചുറ്റും മുകളിലുമായി ഇടവിട്ട് നനച്ച് കൊടുക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും.

രോഗം ബാധിച്ച കോഴികളെ ഉടൻ അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ് നടത്തണം. അസോള പോലെ ജലാംശം കൂടുതലുള്ള ഭക്ഷണം തീറ്റയായി നൽകുക. പച്ചില കൂടുതലായി തീറ്റയിൽ ഉൾപ്പെടുത്തുക.

-ഡോ.ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്.