കൊല്ലങ്കോട്: മുതലമട മംഗോ ഫാർമേഴ്സ് വെൽഫെയർ അസോസിയേഷനും തിരുവനന്തപുരം ആസ്ഥാനമായുള്ള റൂറൽ ഡെവലപ്‌മെൻറ്റ് ഫൗണ്ടേഷനും സംയുക്തമായി 'കേരളാ മാംഗോ എന്റർപ്രണേഴ്സ്" എന്ന പേരിൽ മാംഗോ കൺസോർഷ്യം രൂപീകരിച്ചു. വിവിധ ഘട്ടങ്ങളിലായി മുതലമടയിലെയും പരിസരത്തുള്ള ഒമ്പത് പഞ്ചായത്തുകളിലെ 500ഓളം മാവ് കർഷകരെ ഉൾപ്പെടുത്തിക്കൊണ്ട് ക്ലസ്റ്റർ വികസിപ്പിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാങ്കേതിക-സാമ്പത്തിക സഹായത്തോടെ കർഷകർക്ക് വേണ്ടിയുള്ള റെയ്പ്നിങ്ങ് ചേംബർ, കോൾഡ് സ്റ്റോറേജ്, പായ്ക്ക് ഹൗസ്, പൾപ്പിങ്ങ് യൂണിറ്റ്, വാല്യൂ അഡിഷൻ സെൻറ്റർ, മാനുഫാക്ച്ചറിങ്ങ് യൂണിറ്റ്, റീസേർച്ച് ആന്റ് ഡെവലപ്‌മെന്റ്, അഗ്രോ ക്ലിനിക്, പ്രൊഡ്രക്ട് ട്രെയിനിംഗ് സെൻറ്റർ തുടങ്ങിയ സൗകര്യം അടക്കമുള്ള ഒരു കോമൺ ഫെസിലിറ്റേഷൻ സെൻറ്റർ എന്നിവ ഇതിന്റെ ഭാഗമായി തുടങ്ങും.
സഹകരണാടിസ്ഥാനത്തിൽ കർഷകർക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലും ഒറ്റയ്ക്കും കൂട്ടായും ഇത്തരം സൗകര്യം പ്രയോജനപ്പെടുത്താം. മുതലമട പോത്തംപാടത്ത് നടന്ന യോഗത്തിൽ റൂറൽ ഡെവലപ്‌മെൻറ്റ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ലത മേനോൻ പദ്ധതി വിശദീകരിച്ചു. മുതലമട മാംഗോ ഫാർമേഴ്സ് വെൽഫെയർ അസോ. സെക്രട്ടറി ആറുമുഖൻ പത്തിച്ചിറ അദ്ധ്യക്ഷനായി.
കർഷകരും കർഷകരല്ലാത്തവരുമായ മാങ്ങാ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരംഭിക്കാൻ താല്പര്യമുള്ള ആർക്കും കൺസോർഷ്യത്തിൽ അംഗമാകാം. മുതലമടയെ കൂടാതെ കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ, വടവന്നൂർ, പട്ടഞ്ചേരി, എരുത്തേമ്പതി, ഒഴലപ്പതി, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ തുടങ്ങിയ 10 പഞ്ചായത്തുകളിൽ സംരംഭം തുടങ്ങാൻ താല്പര്യമുള്ള 100 പേരെ ഉൾപ്പെടുത്തിയാണ് മാംഗോ ക്ലസ്റ്റർ ആരംഭിക്കുന്നത്. നിലവിൽ മാങ്ങാ അധിഷ്ഠിത സംരംഭം നടത്തുന്നവർക്കും പദ്ധതിയിൽ പങ്കാളികളാകാം.
താല്പര്യമുള്ളവർ അപേക്ഷ സെക്രട്ടറി, മുതലമട മാംഗോ ഫാർമേഴ്സ് വെൽഫെയർ അസോസിയേഷൻ, പോത്തംപാടം, മുതലമട, പാലക്കാട്-678507 എന്ന വിലാസത്തിൽ അയക്കണം. തിരഞ്ഞെടുത്ത സംരഭകർക്ക് രജിസ്‌ട്രേഷൻ നൽകും. ഫോൺ:9072995522.