f

പാലക്കാട്: ജില്ലയിൽ പനിയോടൊപ്പം ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം ഇന്നലെ വരെ ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത് പത്തു പേർ. ഇതിൽ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 19 പേരാണ് ലക്ഷങ്ങളോടെ ചികിത്സ തേടിയത്. സ്ഥിരീകരിച്ചത് ഒരു കേസ്.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇടയ്ക്ക് പെയ്യുന്ന വേനൽമഴയിൽ വഴിയോരങ്ങളിലും മറ്റുമുള്ള പ്ലാസ്റ്റിക് കവറുകൾ, ചിരട്ടകൾ എന്നിവയിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് രോഗബാധ വ്യാപിക്കാൻ കാരണമാകുമെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണമെന്നും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യയം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുതലാണ്. ഈ വർഷം ഇതുവരെ 14872 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 364 പേർ കിടത്തി ചികിത്സയും തേടി. എന്നാൽ കൊവിഡ് വീണ്ടും പിടിമുറിക്കിയ സാഹചര്യത്തിൽ പനി ബാധിക്കുന്നവരിൽ മിക്കവരും ചികിത്സ തേടാൻ മടിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ചൂട് കൂടിയ സാഹചര്യത്തിൽ വയറിക്കം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുതലാണ്. ഈ മാസം ഇതുവരെ 621 പേരാണ് വയറിളക്കം ബാധിച്ച് ചികിത്സ തേടിയത്. 17 പേർ ഇതിൽ കിടത്തി ചികിത്സയും തേടി.

പനി

മാസം- ഒ.പി- ഐ.പി

ജനുവരി- 5134- 87
ഫെബ്രുവരി- 4622- 121
മാർച്ച്- 3709- 120
ഏപ്രിൽ- 1407- 36

വയറിളക്കം

മാസം- ഒ.പി- ഐ.പി
ജനുവരി- 1692- 28
ഫെബ്രുവരി- 1584- 27
മാർച്ച്- 1641- 44
ഏപ്രിൽ- 621- 17

വേനൽക്കാലത്ത് പകർച്ചപ്പനി, വയറിളക്കം എന്നിവ പിടിപെടാൻ സാധ്യത കൂടുതലാണ്. ശുദ്ധമായ വെള്ളം തിളപ്പിച്ചാറിയ ശേഷം കുടിക്കുക. പകൽ ചൂടിന്റെ കാഠിന്യം കൂടിയതിനാൽ സൂര്യാഘാതം ഏൽക്കാതെ സൂക്ഷിക്കുക. സൂര്യാഘാതമേറ്റ് ജില്ലയിൽ മൂന്ന് കേസാണ് മാർച്ചിൽ റിപ്പോർട്ട് ചെയ്തത്.

-ആരോഗ്യവകുപ്പ്.