h

തച്ചമ്പാറ: തച്ചമ്പാറ സെന്റ് ഡോമിനിക് എൽ.പി സ്‌കൂളിൽ വ്യാഴാഴ്ച മുതൽ വാക്സിനേഷൻ കേന്ദ്രം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അറിയിച്ചു. ഒരു ദിവസം 200 പേർക്ക് നൽകുന്ന തരത്തിലാണ് വാക്സിനേഷൻ കേന്ദ്രം തയ്യാറാക്കുന്നത്. പ്രതിരോധ മരുന്നിന്റെ ലഭ്യതയനുസരിച്ച് തുടർ ദിനങ്ങളിലും കുത്തിവെപ്പ് നടത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും വാക്സിൻ നൽകാനുള്ള സൗകര്യമൊരുക്കും.

45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യം. മലയോര പ്രദേശമായ പാലക്കയത്ത് വെച്ചാണ് ഇപ്പോൾ വാക്സിനേഷൻ നൽകുന്നത്. തച്ചമ്പാറ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം പാലക്കയം മൂന്നാംതോടിലാണ്. പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഇവിടെ എത്തിച്ചേരാൻ വളരെയേറെ ബുദ്ധിമുട്ടുണ്ട്. തച്ചമ്പാറയിൽ നിന്ന് ഇവിടേക്ക് ബസ് സർവീസ് ഇല്ല. പാലക്കയത്തേക്ക് ബസ് ലഭിക്കണമെങ്കിൽ ചിറക്കൽപ്പടി പോവണം.

വാക്സിനേഷൻ വേണ്ടവർ ഭീമമായ തുക നൽകി ഓട്ടോ വിളിച്ചുപോകേണ്ട അവസ്ഥയാണ്. തച്ചമ്പാറയിൽ നിന്ന് 12 കി.മീ സഞ്ചരിച്ച് വേണം പാലക്കയത്ത് എത്താൻ. ഇതുകാരണം ധാരാളം പേർ വാക്സിനേഷൻ എടുക്കാതിരിക്കുന്ന സാഹചര്യം മുൻകൂട്ടി കണ്ടാണ് തച്ചമ്പാറയിൽ സൗകര്യമൊരുക്കുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഡി.എം.ഒയെ സന്ദർശിച്ചാണ് കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടത്താൻ അനുവാദം വാങ്ങിയത്.