ചിറ്റൂർ: രണ്ടുവർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം 17ന് നടക്കുന്ന കൊടിയേറ്റത്തോടെ ആരംഭിക്കും. മേയ് രണ്ടുവരെ ഉത്സവച്ചടങ്ങ് നീളും.
അങ്ങാടിവേലയുടെ പ്രധാന ചടങ്ങുകളിലൊന്നായ കുതിരയോട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പന്തയക്കുതിരകൾ എത്തിതുടങ്ങി. ആഗ്ര, മധുര, മൈസൂർ, ഹൈദരാബാദ്, ചെന്നൈ, ഊട്ടി എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് കുതിരകളാണ് തത്തമംഗലത്ത് എത്തിയത്.
തത്തമംഗലം അരങ്ങംപാടത്താണ് കുതിരയോട്ടത്തിൽ പങ്കെടുക്കുന്നവരുടെ പരിശീലനം. 24 ആണ് ആവേശകരമായ കുതിരയോട്ട മത്സരം. കൂടാതെ ആന എഴുന്നള്ളിപ്പുമുണ്ടാകും. തമിഴ്, തെലുങ്ക് ഭാഷ സംസാരിക്കുന്ന ആറോളം സമുദായങ്ങൾ ചേർന്ന് നടത്തുന്ന കുതിരയോട്ടം ഉൾപ്പെടെയുള്ള ആവേശമായ അങ്ങാടിവേല ഉത്സവം 15 ദിവസം നീളും. ഉത്സവത്തിലെ ആന എഴുന്നള്ളിപ്പും കുതിരയോട്ടവും വേട്ടക്കറുപ്പസ്വാമിക്ക് വേണ്ടി സമുദായത്തിൽപ്പെട്ടവർ വഴിപാടായാണ് നടത്തുന്നത്.