2019ലെ അപേക്ഷിച്ച് കൂടുതൽ വിറ്റുവരവ്
പാലക്കാട്: വിഷുവിനോടനുബന്ധിച്ച് കൂടുതൽ പാൽ വില്പനയുമായി മിൽമ പാലക്കാട് ഡെയറി. കഴിഞ്ഞ 11 മുതൽ വിഷുവരെ നാലുദിവസങ്ങളിലായി 7.82 ലക്ഷം പാലാണ് വിറ്റത്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ മൂലം വിഷു ആഘോഷമൊന്നും ഉണ്ടായിരുന്നില്ല. 2019നെ അപേക്ഷിച്ച് പാൽ വില്പന ഇത്തവണ കൂടി. 6.30 ലക്ഷം ലിറ്റർ പാലാണ് അന്ന് വിറ്റത്. 2019ൽ 1.30 കിലോ തൈര് വിറ്റിരുന്നു. 92,625 കിലോ തൈരാണ് ഇത്തവണ വിറ്റത്. റംസാൻ വ്രതം ആരംഭിച്ചതോടെയാണ് തൈര് വില്പന കുറഞ്ഞത്.
സംസ്ഥാനത്ത് പ്രതിദിനം ശരാശരി 14.12 ലക്ഷം ലിറ്റർ പാൽ സംഭരിക്കുകയും 14.46 ലക്ഷം ലിറ്റർ വിൽക്കുകയും ചെയ്യുന്നുണ്ട്. പ്രതിദിന സംഭരണ വർദ്ധനയ്ക്കൊപ്പം ഉപഭോഗവും വർദ്ധിച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് അയൽ സംസ്ഥാനങ്ങളെ വലിയ തോതിൽ ആശ്രയിക്കേണ്ട അവസ്ഥയില്ല.
തൈര്, ഐസ്‌ക്രീം പോലെയുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾക്കായി ദിവസവും ഒരു ലക്ഷം ലിറ്റർ പാൽ കൂടി വേണം. ഈ കുറവ് പരിഹരിക്കാനാണ് ഒന്നേകാൽ ലക്ഷം ലീറ്റർ പാൽ തമിഴ്നാട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ, കർണാടക മിൽക്ക് ഫെഡറേഷൻ എന്നിവയിൽ നിന്നും വാങ്ങുന്നത്.
മലബാർ മേഖല യൂണിയൻ പ്രതിദിനം 6.80 ലക്ഷം ലിറ്റർ സംഭരിക്കുന്നു. ഇതിൽ പാലക്കാട് ഡെയറി ജില്ലയിലെ 340 സംഘങ്ങളിൽ നിന്ന് 1.40 ലക്ഷം ലിറ്റർ വാങ്ങുന്നു. മലബാർ മേഖലയിലെ അധിക പാൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ഭാഗത്തേക്ക് എത്തിക്കും. ദിനംപ്രതി തിരുവനന്തപുരത്തേക്ക് പാലക്കാട് നിന്ന് 45,000ഉം ആലപ്പുഴയിലേക്ക് 15,000ഉം ലിറ്റർ നൽകുന്നുണ്ട്.
-എസ്.നിരീഷ്, പാലക്കാട് ഡെയറി മാനേജർ.