പാലക്കാട്: കൊവിഡ് രണ്ടാംതരംഗം ശക്തമായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലെ തിരക്ക് നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്.
വ്യാപനം കൂടിയ വേളയിലും ബസുകളിൽ യാത്രക്കാർ കൊവിഡ് മാനദണ്ഡം ലംഘിച്ച് യാത്ര ചെയ്യുന്നത് പതിവാണ്. രാവിലെയും വൈകിട്ടുമാണ് തിരക്ക് കൂടുതലും. കൂടാതെ പത്താംതരം, പ്ലസ് ടു പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികളുടെ തിരക്കുമുണ്ട്. ഇതെല്ലാം രോഗം പരക്കാൻ കാരണമാകും. വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
ബസുകളിലെ സീറ്റുകൾക്കനുസരിച്ച് മാത്രമേ യാത്രക്കാരെ കയറ്റാവൂ. നിന്നുള്ള യാത്ര പൂർണമായും ഒഴിവാക്കണം. ഇതുസംബന്ധിച്ച നിർദേശം ബസ് ജീവനക്കാർക്ക് നൽകി. മാസ്ക് കൃത്യമായി ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയവ ഉറപ്പാക്കണം.
സീറ്റുകളുടെ ശേഷിക്കനുസരിച്ചാണോ ബസ് സർവീസ് നടത്തുന്നത് എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ജില്ലയിലെ എല്ലാ ഭാഗത്തും എൻഫോഴ്സ്മെന്റ് പരിശോധന ശക്തമാണ്. യാത്രക്കാരെ നിറുത്തിയുള്ള യാത്ര ശ്രദ്ധയിൽപ്പെട്ടാൽ കേസെടുക്കും.
-വി.എ.സഹദേവൻ, എൻഫോഴ്സ്‌മെന്റ്, ആർ.ടി.ഒ.
ചുരുക്കം റൂട്ടിൽ മാത്രമാണ് തിരക്ക്. കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസുകളിൽ സീറ്റിനനുസരിച്ച് മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. വരും ദിവസങ്ങളിൽ സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകും.
-ടി.എ.ഉബൈദ്, എ.ടി.ഒ, പാലക്കാട്.
പരിശോധന കെ.എസ്.ആർ.ടി.സിക്കും പ്രൈവറ്റിനും ഒരുപോലെയാകണം. കുത്തിനിറച്ച് സർവീസ് നടത്തേണ്ട വിധം യാത്രക്കാരൊന്നും നിലവില്ല. പരിശോധന ശക്തമാകുന്നതിനനുസരിച്ച് കുറച്ച് വിദ്യാർത്ഥികളെ മാത്രമേ കയറ്റാനാകൂ.
-ടി.ഗോപിനാഥൻ, ജന.സെക്രട്ടറി, ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ.