vellari
അമ്പലപ്പാറയിലെ കർഷകർ വിളവെടുത്ത കണി വെള്ളരി

അമ്പലപ്പാറ: പ്രതിസന്ധികളെ അതിജീവിച്ച് കണിവെള്ളരി കൃഷിയിൽ നൂറുമേനി വിജയം കൊയ്ത് അമ്പലപ്പാറയിലെ കർഷകർ. വിഷുക്കണിക്കായി ഇത്തവണ കർഷകർ വിപണിയിലെത്തിച്ചത് 20 ടൺ കണിവെള്ളരിയാണ്. ജലക്ഷാമവും വന്യജീവി ശല്യവും അതിജീവിച്ചാണ് കർഷകർ വെള്ളരി വിപണിയിലെത്തിച്ചത്. കിലോയ്ക്ക് 17മുതൽ 21 രൂപ വരെ കർഷകരുടെ പോക്കറ്റിലെത്തി. കഴിഞ്ഞ വർഷം 15 രൂപയായിരുന്നു.

ഒറ്റപ്പാലത്തെയും അമ്പലപ്പാറയിലെയും സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിപണനം. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് ടൺ അധികം വെള്ളരി വിപണിയിലെത്തിക്കാനായി. ലോക് ഡൗണിനെ തുടർന്ന് 15 ടൺവെള്ളരിയാണ് കഴിഞ്ഞ വർഷം വിപണിയിലെത്തിച്ചത്. ഹോർട്ടി കോർപ്പ് വഴിയാണ് ഇത് വിറ്റത്. പരമ്പരാഗതമായി ജൈവരീതിയിലാണ് കൃഷി. മേലൂർ, അറവക്കാട്, വേങ്ങശേരി തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപതോളം കർഷകരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് നൂറുമേനി വിളവ്.

അറവക്കാട് ആശ്രയ ക്ലസ്റ്ററിന് കീഴിൽ മാത്രം 14 കർഷകർ ചേർന്ന് എട്ടുടൺ വെള്ളരി വിളവെടുത്തു. ആറേക്കർ സ്ഥലത്താണ് കൃഷിയൊരുക്കിയത്. വേങ്ങശേരിയിലെ കർഷകർ ചേർന്ന് ഒന്നേകാൽ ടണ്ണിലധികം കണിവെള്ളരി വിപണിയിലെത്തിച്ചു. തിരുണ്ടി തോടിനെയും പരപ്പൻ തോടിനെയും ആശ്രയിച്ച് കൃഷിയിറക്കുന്ന ഇവർക്ക് ഇത്തവണ വെള്ളം ലഭിക്കാത്തത് പ്രതിസന്ധിയായി.