c

പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത് നാടിനെ ആശങ്കയിലാഴ്ചത്തി. നിലവിൽ ജില്ലയിൽ 2235 രോഗബാധിതരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ 1277 പേർക്കും കഴിഞ്ഞ അഞ്ചുദിവസങ്ങളിലായാണ് രോഗം സ്ഥിരീകരിച്ചത്.

ഒരുഘട്ടത്തിൽ 500ലധികം കേസ് റിപ്പോർട്ട് ചെയ്ത ജില്ലയിൽ കഠിന പരിശ്രമത്തിലൂടെയാണ് രോഗബാധിതരുടെ എണ്ണം താഴേക്കെത്തിച്ചത്. തിരഞ്ഞെടുപ്പിനടക്കം കൊവിഡ് പ്രോട്ടോക്കാൾ പാലിക്കാത്തതിന്റെ ഫലമാണ് ഈ വർദ്ധനവ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കാൻ അധികൃതർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സെക്ടറൽ മജിസ്ട്രേറ്റുമാർ നിരീക്ഷണം ഊർജിതമാക്കി. കൂടുതൽ രോഗികളുള്ള സ്ഥലങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും. നിലവിൽ 111 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്.

യുവാക്കളും കുട്ടികളും ജാഗ്രതൈ

കർണാടകയിലെയും മഹാരാഷ്ട്രയിലെയും കണക്കുകളനുസരിച്ച് രണ്ടാംഘട്ടത്തിൽ യുവാക്കളിലും കുട്ടികളിലുമാണ് കൊവിഡ് വ്യാപിക്കുന്നത്. അടുത്ത അദ്ധ്യയന വർഷം സ്കൂൾ തുറക്കാൻ ആലോചിക്കുന്നതിനിടെ കൊവിഡിന്റെ രണ്ടാംവരവ് ആശങ്കയ്ക്ക് വഴിയൊരുക്കി. കേസ് വർദ്ധിക്കുമ്പോഴും ആളുകൾ ക്വാറന്റൈനിൽ കഴിയാൻ മടിക്കുന്നത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കാനായി ആരംഭിച്ച സി.എഫ്.എൽ.ടി.സികളിൽ പലതും പ്രവ‌ർത്തനം നിറുത്തി. ഇപ്പോൾ വീടുകളിൽ ചികിത്സ തുടരാൻ ആളുകൾ താല്പര്യം കാണിക്കുന്നതിനാൽ ആവശ്യമെങ്കിൽ സി.എഫ്.എൽ.ടി.സികൾ തുറക്കാം എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.

അവധി ഒഴിവാക്കി ആരോഗ്യ പ്രവർത്തകർ

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. ഒഴിച്ചുകൂടാൻ കഴിയാത്തവർക്ക് മാത്രമാണ് വിഷുവിന് അടക്കം അവധി നൽകുന്നത്. ഈസ്റ്റർ അവധിയും ആരോഗ്യ പ്രവർത്തകർ ഒഴിവാക്കിയിരുന്നു. വ്യാപനത്തിന് മുമ്പ് വാക്സിൻ നൽകി പരമാവധി കേസ് കുറയ്ക്കാനാണ് ശ്രമം.


ഒരാഴ്ച നിർണായകം

മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിച്ചാൽ 90%നം വൈറസ് ബാധ ഒഴിവാക്കാം. നിയന്ത്രണം അയഞ്ഞ ഈ ഘട്ടത്തിൽ രോഗം എത്രത്തോളം പരക്കുമെന്നറിയാൻ ഒരോഴ്ച കാത്തിരിക്കണം.

പരിശോധന കൂട്ടും

കൊവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ വാക്സിനേഷനും പരിശോധനയും കൂട്ടും. നിലവിൽ വാക്സിൻ ക്ഷാമമുണ്ട്. അധിക വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ 45 വയസ് പൂർത്തിയായ പരമാവധി ആളുകൾക്ക് കുത്തിവയ്പ് നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്.

പ്രതിദിന കൊവിഡ് പരിശോധന 6000 വരെയാക്കി ഉയർത്തും. 2000 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും ബാക്കി ആന്റിജൻ ടെസ്റ്റും നടത്തും. ഇതിനായി കൂടുതൽ കിറ്റ് ഉടൻ ലഭ്യമാക്കും.