vdy
നെന്മാറ എൻ.എസ്.എസ് കോളേജിന് സമീപം മുന്നറിയിപ്പ് ബോർഡിന് മുന്നിൽ മാലിന്യം തള്ളിയ നിലയിൽ.

നെന്മാറ: പാതയോരത്ത് മാലിന്യം കൊണ്ടിടുന്നത് തടയാൻ വർഷങ്ങളായിട്ടും നടപടിയായില്ല. മേലാർകോട് പഞ്ചായത്തിലെ പ്രധാന പാതയോരങ്ങളാണ് മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി തുടരുന്നത്. മംഗലം- ഗോവിന്ദാപുരം പാതയിലെ കാത്താംപൊറ്റ മുതൽ കൂട്ടാല വരെയുള്ള ഭാഗത്തും ഗോമതി സെന്റ് തോമസ് നഗർ മുതൽ നെന്മാറ എൻ.എസ്.എസ് കോളേജ് വരെയുള്ള ഭാഗത്തും പുളിഞ്ചുവട്‌ ചേരാമംഗലം പാതയരികിലുമാണ് മാലിന്യം തള്ളുന്നത്.

അറവുശാലകളിൽ നിന്നുള്ള മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവുമുൾപ്പെടെ ചാക്കുകളിലാക്കിയാണ് രാത്രിയിൽ കൊണ്ടിടുന്നത്. മാലിന്യം കൊണ്ടിടുന്നത് ശിക്ഷാർഹമാണെന്നും പ്രദേശം സി.സി.ടി.വി നിരീക്ഷണത്തിലാണെന്നും പഞ്ചായത്ത് ബോർഡ് സ്ഥാപിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും സി.സി.ടി.വി മാത്രം സ്ഥാപിച്ചില്ല. ജനവാസമില്ലാത്ത ഗോമതി മുതൽ നെന്മാറ കോളേജ് വരെയുള്ള 500 മീറ്ററിലധികമാണ് പാതയോരത്ത് മാലിന്യം കുന്നുകൂടിയത്.

അറുവുമാലിന്യം ചീഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ യാത്രക്കാർ മൂക്കുപോത്തി പോകേണ്ട സ്ഥിതിയാണ്. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പാതയോരങ്ങൾ മാലിന്യമുക്തമാക്കാൻ നിരവധി പദ്ധതിയുണ്ടായിട്ടും പഞ്ചായത്തിൽ യാതൊന്നും നടപ്പാക്കിയില്ല. കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തിൽ പാതയോരത്ത് തന്നെ കുഴിയെടുത്ത് പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ കുഴിച്ചുമൂടുകയായിരുന്നു.