പാലക്കാട്: കൊവിഡ് വ്യാപനം തടയാൻ ജില്ലയിൽ ആറിടങ്ങളിലായി ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി സി.എഫ്.എൽ.ടി.സി നോഡൽ ഓഫീസർ ഡോ.മേരി ജ്യോതി വിൽസൺ അറിയിച്ചു. കഞ്ചിക്കോട് കിൻഫ്ര, മാങ്ങോട് കേരള മെഡി.കോളേജ് , ജില്ലാ ആശുപത്രി, പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം-മണ്ണാർക്കാട് താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കിയത്.
ജില്ലാ ആശുപത്രിയിൽ 64 ഐ.സി.യു കിടക്കകൾ, 29 വെന്റിലേറ്റർ ബെഡ് എന്നിവയുമുണ്ട്. തീവ്ര രോഗബാധിതരായ ബി, സി കാറ്റഗറിയിലുള്ളവരെയാണ് നിലവിൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൊവിഡ് രോഗവർദ്ധനവുണ്ടെങ്കിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കും.
രണ്ടാം ഡോസ് വാക്സിനേഷൻ 16ന്
വിവിധ സർക്കാർ വകുപ്പുകളിലെ കൊവിഡ് മുന്നണിപ്പോരാളികൾക്കായുള്ള രണ്ടാംഡോസ് വാക്സിനേഷൻ (കോവാക്സിൻ) 16ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും. ഒന്നാം ഡോസ് സ്വീകരിച്ചപ്പോൾ ലഭിച്ച ഫാക്ട് ഷീറ്റ്, തിരിച്ചറിയൽ രേഖ എന്നിവ കൊണ്ടുവരണം. ഇതുവരെ രണ്ടാം ഡോസെടുക്കാത്ത എല്ലാ മുന്നണിപ്പോരാളികളും അവസരം പ്രയോജനപ്പെടുത്തണം.