e

പാലക്കാട്: കൊവിഡ് വ്യാപന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വീണ്ടും തിരക്കൊഴിയുന്നു. ഇതുമൂലം വരുമാനവും കുറഞ്ഞു. ലോക്ക്ഡൗണിന് ശേഷം തുറന്ന മലമ്പുഴ ഡാമില്‍ സഞ്ചാരികളുടെ വരവ് ഇടയ്ക്ക് കൂടിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും കുറഞ്ഞു.

ജനുവരിയില്‍ 88,433 മുതിര്‍ന്നവരും 18,409 കുട്ടികളുമടക്കം ആകെ 1,06,842 സന്ദര്‍ശകരാണ് മലമ്പുഴ ഉദ്യാനത്തിൽ എത്തിയത്. എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത് ഗണ്യമായി കുറഞ്ഞു. ഫെബ്രുവരിയില്‍ ആകെ 75,862 പേരാണ് സന്ദര്‍ശിച്ചത്. ഇതില്‍ 63,245 മുതിര്‍ന്നവരും 12,617 കുട്ടികളുമുള്‍പ്പെടുന്നു. മാര്‍ച്ചില്‍ 53,129 മുതിര്‍ന്നവരും 10,444 കുട്ടികളും ഉള്‍പ്പെടെ 63,573 പേരെത്തി.

ജനുവരിയില്‍ 28.8 ലക്ഷമാണ് വരുമാനം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യഥാക്രമം 20.48, 17.18 ലക്ഷം എന്നിങ്ങനെയാണ്. കൊവിഡിന് പുറമെ തിരഞ്ഞെടുപ്പും പരീക്ഷകളും സന്ദര്‍ശകരുടെ എണ്ണം കുറയാൻ കാരണമായി.

സാധാരണ ഏപ്രിൽ-മേയ് സീസണില്‍ ധാരാളം പേരെത്താറുള്ളതാണ്. തമിഴ്‌നാട് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കോയമ്പത്തൂരില്‍ നിന്നുള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ വരവും നിലച്ചു. റംസാന്‍ വ്രതം തുടങ്ങിയതും ആളുകളുടെ തിരക്ക് കുറച്ചു.

കൊവിഡ് നിയന്ത്രണം കൂടുതൽ കര്‍ശനമാക്കിയാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും വിജനമാകുമോയെന്ന ആശങ്കയുണ്ട്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ഉപജീവനത്തെയാണ് ഇത് ഏറെ സാരമായി ബാധിക്കുക.