kala
ഉദയനും കുടുംബവും

പട്ടാമ്പി: ചാലിശ്ശേരി പെരുമണ്ണൂർ കൂളത്ത് ഉദയന്റെ ചിത്രകരചനയോടൊപ്പം ആകർഷണീയമാണ് ആ കരവിരുതിൽ വിരിയുന്ന മനോഹരമായ ശില്പങ്ങളും. ഇതെല്ലാം ജന്മസിദ്ധമായി ലഭിച്ച കഴിവുകളാണ് എന്നതാണ് ഈ 43 കാരനെ വ്യത്യസ്തനാക്കുന്നത്.

കൂളത്ത് ചാത്തക്കുട്ടി-സരോജിനി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനായ ഉദയൻഇന്നേവ രെ ചിത്രകല പഠിക്കാൻ പോയിട്ടില്ല. വീടലങ്കരിക്കുന്നതിനും മറ്റുമായി നിരവധി പേർ ഉദയന്റെ ചിത്രങ്ങൾ തേടിയെത്തുന്നുണ്ട്. ചെറുപ്രായത്തിൽ പെരുമണ്ണൂർ വേണാട് എൽ.പി സ്‌കൂൾ, പെരിങ്ങോട് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പഠന കാലയളവിൽ നിരവധി മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.

ഭദ്രകാളിയുടെ രൗദ്രവേഷ സങ്കല്പമായ കരിങ്കാളി കർമ്മം ചെയ്ത് പ്രസിദ്ധനാണ് ഈ യുവാവ്. കൊവിഡ് വന്നതോടെ ക്ഷേത്രോത്സവങ്ങൾ നിശ്ചലമായതോടെയാണ് ശില്പനിർമ്മാണ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. സമീപവാസികളിൽ നിന്നും സൃഹുത്തുക്കളിൽ നിന്നും ഉദയന്റെ കഴിവുകളെ അറിഞ്ഞവരാണ് വീടുകൾ അലങ്കരിക്കുന്നതിനായി ഉദയനെ തേടിയെത്തുന്നത്.

മണൽ, ഈർക്കിൽ, മണ്ണ്, വിവിധ തരം ഇലകൾ, മുള, സിമന്റ്, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവ ഉപയോഗിച്ചാണ് ശില്പങ്ങൾ ഒരുക്കുന്നത്. പണി ആയുധങ്ങളാക്കി മരക്കൊമ്പുകളും ഈർക്കിലികളുമാണ് ഉപയോഗിക്കുന്നത്. സമീപത്തുള്ള വീട്ടിലേക്കായി 24 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ച് കുതിരകൾ പായുന്ന ചിത്രവും വിളയൂർ സ്വദേശിക്ക് സിമന്റ് ഉപയോഗിച്ച് ഏഴടി ഉയരത്തിലുള്ള വലിയ കുതിരയെയും നിർമ്മിക്കുന്ന തിരക്കിലാണിപ്പോൾ.. സഹായത്തിന് ബന്ധുവായ രവീന്ദ്രനും കൂടെയുണ്ട്. ഓടക്കുഴൽ, തബല, ചെണ്ടവാദ്യം, കവിതാലപനം, ഷോർട്ട് ഫിലിം, നാടകം എന്നി രംഗത്തും സജീവമാണ് ഉദയൻ. ഭാര്യ: സിന്ധു. മക്കൾ: ഋഷികേശ്, ഹൃദ്‌ദേവ്, ഹൃദിഗ.