ഒറ്റപ്പാലം: ഷൊർണൂർ റെയിൽവെ ആശുപത്രി തരംതാഴ്ത്താനുള്ള തീരുമാനം നടപ്പിലായാൽ ചികിത്സയും സൗകര്യങ്ങളും നഷ്ടപ്പെടുന്നത് നൂറുകണക്കിന് റെയിൽവേ ജീവനക്കാർക്ക്. ഒറ്റപ്പാലം, നിലമ്പൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ആശുപത്രിയുടെ ഗുണഭോക്താക്കൾ.
റെയിൽവേ ജീവനക്കാർ, വിരമിച്ചവർ, ബന്ധുക്ക എന്നിവർക്കാണ് ആശുപത്രിയിൽ ചികിത്സ ലഭിക്കുക. ഇതിന് പുറമെ വെണ്ടർമാർക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതും ഇവിടെ നിന്നാണ്. ആശുപത്രി തരം താഴ്ത്തി ക്ലിനിക്കായി മാറുന്നതോടെ പരിശോധന മാത്രമായി ചുരുങ്ങും. നിലവിൽ വിരമിക്കുന്നതിന് മുമ്പുള്ള ഒരു മാസത്തെ ശമ്പളം നൽകിയാണ് ജീവനക്കാർ കുടുംബാംഗങ്ങൾക്ക് ഉൾപ്പടെ തുടർ ചികിത്സ ഉറപ്പാക്കുന്നത്.
പീരിയോഡിക്കൽ മെഡിക്കൽ എക്സാമിനേഷന് (പി.എം.ഇ) ഇനി മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരും. മംഗലാപുരത്ത് നിന്നുള്ള ജീവനക്കാരും തൃശൂർ, ചാലക്കുടി വരെയുള്ള ജീവനക്കാരും വിരമിച്ച ജീവനക്കാരും ഈ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിലാണ് ചെറുതുരുത്തി മുതലങ്ങോട്ടുള്ള പ്രദേശമെങ്കിലും ഷൊർണൂരിലേക്കാണ് ഇവർക്ക് വേഗത്തിൽ എത്താവാവുക. ഇ.സി.ജി, എക്സറെ, ലാബ് സംവിധാനമെല്ലാം ഇപ്പോളുണ്ട്. രണ്ട് ഡോക്ടർമാരും ആറ് നഴ്സും നാല് ഫാർമസിസ്റ്റും അടങ്ങുന്ന ജീവനക്കാരാണ് നിലവിലുള്ളത്. ലാബ്, എക്സ്റെ, അറ്റന്റർമാർ ഉൾപ്പടെ മറ്റ് 30 ജീവനക്കാരുടെ സേവനവും നൽകുന്നുണ്ട്. 24 കിടക്കകളുള്ള ആശുപത്രിയിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയാണ് തരം താഴ്ത്തുന്നത്.
24 മണിക്കൂർ അത്യാഹിതവിഭാഗം
റെയിൽവേ യാത്രക്കാർക്കുണ്ടാകുന്ന രോഗങ്ങളും അപകടങ്ങൾക്കും ചികിത്സ നൽകാൻ കഴിയുന്ന ആശുപത്രിയാണിത്. 24 മണിക്കൂറും വിളിച്ചാൽ എത്താവുന്ന രീതിയിൽ ഡോക്ടർമാരും അത്യാഹിത വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, എവിടെയെങ്കിലുമുണ്ടാകുന്ന റെയിൽവെ അപകടങ്ങളിൽ ചികിത്സ നൽകാനായി പോകുന്ന ആക്സിഡന്റ് റിലീഫ് തീവണ്ടിയിലേക്കുള്ള ജീവനക്കാരും ഇവിടെ നിന്നാണ്. അപകട സൈറൺ മുഴങ്ങിയാലുടൻ തയ്യാറായി പോകേണ്ട വിഭാഗവുമാണിവർ. ഇതെല്ലാം ക്ലിനിക്കായി മാറുന്നതോടെ ഇല്ലാതാവുമെന്നാണ് ആശങ്ക. ക്ലിനിക്കായി മാറ്റുന്നതോടെ ഒ.പി മാത്രമാകുമ്പോൾ അടിയന്തിര ചികിത്സ നൽകേണ്ട യാത്രക്കാരുടെ ജീവനും അപകടത്തിലാവുമെന്ന ആശങ്ക ശക്തമാണ്.