kanjavu-pkd

പാലക്കാട്: എക്‌സൈസ് എൻഫോഴ്സ്‌മെന്റ് കഞ്ചിക്കോട് ആലാംമരത്ത് നടത്തിയ വാഹന പരിശോധനയിൽ 51 കിലോ കഞ്ചാവുമായി പത്തനംതിട്ട റാന്നി സ്വദേശി രാജേഷിനെ (24) അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി ചെങ്ങന്നൂർ സ്വദേശി വിപിൻ (24) ഓടി രക്ഷപ്പെട്ടു.

അസാമിൽ നിന്നുള്ള സ്വകാര്യ ബസിൽ കടത്തിയ കഞ്ചാവാണ് പിടികൂടിയത്. പരിശോധനയ്ക്കിടെ രണ്ടു പ്രതികളും ബസിൽ നിന്ന് ഇറങ്ങിയോടി. തുടർന്ന് എക്‌സൈസ് സംഘവും നാട്ടുകാരും ചേർന്ന് സാഹസികമായാണ് രാജേഷിനെ പിടികൂടിയത്.
എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ചെറുകിട വില്പനക്കാർക്ക് നൽകുന്നതിനാണ് പ്രതികൾ ആന്ധ്രായിലെ വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് കടത്തിയത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ അരക്കോടി വില വിരും. പ്രതികൾ സ്ഥിരമായി കഞ്ചാവും മറ്റു മയക്കുമരുന്നുകളും സംസ്ഥാനത്തേക്ക് കടത്തി രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചുവില്പനനടത്തുന്നതായി ചോദ്യംചെയ്യലിൽ സമ്മതിച്ചു.