v

വടക്കഞ്ചേരി: വടക്കഞ്ചേരി ഗണപതി സഹായം, നാഗസഹായം വേല കൊവിഡ് മാനദണ്ഡം പാലിച്ച് ഇന്നാഘോഷിക്കും. പുലർച്ചെ നാലിന് ശുദ്ധിപാലഭിഷേകത്തോടെ നാഗസഹായ ക്ഷേത്രത്തിലെ ആഘോഷങ്ങൾക്ക് തുടക്കമാകും. അഞ്ചിന് ഗണപതി ഹോമം, ഉഷപൂജ, പറയെടുപ്പ് (ക്ഷേത്രാങ്കണത്തിൽ വെച്ച്), 9.30ന് പാഞ്ചാരിമേളം, ഉച്ചപൂജ, ഈടുവെടി, കേളികൊട്ട്, നാലിന് പാണ്ടിമേളത്തോടെ കാഴ്ചശീവേലി എന്നിവ നടക്കും. 6.30ന് ദീപാരാധന, നടപ്പുര പഞ്ചവാദ്യം എന്നിവ നടക്കും.

ഞായറാഴ്ച രാവിലെ അഞ്ചിന് സ്ഥലശുദ്ധി നാഗപൂജ നടക്കും. പഞ്ചവാദ്യത്തിന് അയിലൂർ അനന്തനാരായണ ശർമ്മ നേതൃത്വം നൽകും. നാഗരാജാവിന്റെ പൊൻകോലമേന്തുന്നത് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കറാണ്.

മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ഉഷപൂജ, പറയെടുപ്പ്, ഉച്ചപൂജ, ഈടുവെടി, കേളി, കാഴ്ചശീവേലി, നടപ്പുര പഞ്ചവാദ്യം, നഗരപ്രദിക്ഷണം, മഹാദീപാരാധന, ഏഴ് മണിക്ക് ക്ഷേത്രാങ്കണത്തിൽ മേളം എന്നിവ നടക്കും. ഗണപതി സഹായത്തിന്റെ കോലമേന്തുന്നത് കുട്ടൻകുളങ്ങര അർജ്ജുനനാണ്. വേലയോടനുബന്ധിച്ച് വൈകിട്ട് അഞ്ചിന് ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് വടക്കഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ വി.ടി.ഷാജൻ അറിയിച്ചു.