kappa
മുഹമ്മദ് ഹനീഫ.

ചിറ്റൂർ: നല്ലേപ്പിള്ളി കുറ്റിപ്പള്ളം കൊടുവാൾ പാറയിൽ കർഷകനായ മുഹമ്മദ് ഹനീഫ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് മൂന്നരയേക്കർ തരിശ് ഭൂമിയിൽ കപ്പ കൃഷി ഇറക്കിയത്. നല്ല വിളവും ലഭിച്ചു. പക്ഷേ വിൽക്കാൻ കഴിയാതെ 15 ടൺ കപ്പ നശിപ്പിച്ച് കളയാനുള്ള ഒരുക്കത്തിലായിരുന്നു മുഹമ്മദ്. ഓപ്പൺ മാർക്കറ്റിൽ 2530 രൂപ കിലോയ്ക്ക് വിലയുള്ളപ്പോൾ കച്ചവടക്കാർ രണ്ടു രൂപയാണ് വില പറയുന്നതെന്ന് കർഷകൻ പറയുന്നു. നശിപ്പിച്ചു കളയാൻ ഇടവന്നാൽ കടബാധ്യത എന്തു ചെയ്യുമെന്നറിയാതെ മാനസിക സംഘർഷത്തിലായിരുന്നു ഹനീഫയും കുടുംബവും. ഈ സാഹചര്യത്തിലാണ് ചിറ്റൂർ പ്രതികരണ വേദി കൈത്താങ്ങായെത്തിയത്.

ഞായറാഴ്ച രാവിലെ മുതൽ കപ്പ വണ്ടിയുമായി വീടുകൾ തോറും കയറി ഇറങ്ങി കപ്പ വില്പന നടത്തിക്കൊടുക്കാനാണ് വേദി തീരുമാനം. കപ്പയ്ക്ക് അവർ വില പറയുകയില്ല. ആവശ്യക്കാർ ആവശ്യമുള്ള കപ്പയെടുത്ത് ഇഷ്ടമുള്ള തുക നൽകാം. ഇതൊരു കർഷകന്റെ രക്ഷക്കായുള്ള സേവന പ്രവർത്തനം മാത്രമാണെന്നും അതിനായി നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം വേണമെന്നും വേദി ഭാരവാഹികൾ ആവശ്യപ്പെടുന്നു.

ഒരു വർഷം മുമ്പ് ഇതേ സാഹചര്യം നേരിട്ട പപ്പായ കർഷകനെയും വെള്ളരി കർഷകനെയും സഹായിക്കാൻ രംഗത്തിറങ്ങിയപ്പോൾ ലഭിച്ച ജനപിന്തുണ കപ്പ വില്പന കാര്യത്തിലും ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാത്തവർ. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സംഘടന ഭാരവാഹികൾ, റസിഡൻസ് കോളനി ഭാരവാഹികൾ, ഫ്ലാറ്റുകളിലെ ഭാരവാഹികൾ എന്നിവരെല്ലാം വിളിച്ചു പറഞ്ഞാൽ മാത്രം മതി ഒരു നിശ്ചിത സമയത്ത് കപ്പ വണ്ടി വീടിന് മുന്നിലെത്തും. ആവശ്യമുള്ള കപ്പ എടുക്കാം. ഇഷ്ടമുള്ള തുക വിലയായി നൽകിയാൽ മതിയെന്നും പ്രതികരണവേദി പ്രസിഡന്റ് എ.ശെൽവൻ പറഞ്ഞു. ഫോൺ: 9747754711.