c

രജിസ്‌ട്രേഷൻ ഇങ്ങനെ

പാലക്കാട്: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റിൽ സിറ്റിസൺ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന സന്ദർശകർ എൻട്രി ഓപ്ഷനിൽ നിന്ന് ഡൊമസ്റ്റിക് എൻട്രി തിരഞ്ഞെടുക്കണം. ശേഷം വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകി വെരിഫൈ ചെയ്യണം. സ്‌ക്രീനിൽ വരുന്ന കാപ്ച്ച കോഡ് കൂടി എന്റർ ചെയ്ത് കഴിയുമ്പോൾ അല്പ സമയത്തിനകം നൽകിയ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി നമ്പർ വരും.

വേരിഫിക്കേഷന് ശേഷം പേര്, ജനന തിയതി, ഐ.ഡി നമ്പർ ഉൾപ്പടെ ആവശ്യമായ വിവരം നൽകണം. ശേഷം നൽകിയ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷൻ പൂർത്തിയാവും. രജിസ്‌ട്രേഷൻ ചെയ്ത മൊബൈൽ നമ്പറിലേക്ക് രജിസട്രേഷൻ വിവരം സന്ദേശമായെത്തും. മെസേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പാസിന്റെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം. കേരളത്തിലേക്ക് വരുമ്പോൾ ചെക്‌പോസ്റ്റിൽ ഈ പാസ് കാണിച്ച് യാത്ര തുടരാം.

വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാം

കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് www.cowin.gov.in എന്ന വൈബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. കൊവിൻ വൈബ്‌സൈറ്റിൽ കയറിയ ശേഷം Register/ Sign in yourself എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഒ.ടി.പി നമ്പർ ലഭിക്കുന്നതിന് ഫോൺ നമ്പർ നൽകുക. ശേഷം നൽകിയ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നൽകുക. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ഐ.ഡി പ്രൂഫ്, ഐ.ഡി പ്രൂഫ് നമ്പർ, പേര്, ജെൻഡർ, ജനന വർഷം എന്നീ വിവരം നൽകി രജിസ്റ്റർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതോടെ രജിസ്‌ട്രേഷൻ പൂർത്തിയാകും.

രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് വാക്സിനേഷൻ നടക്കുന്ന സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെത്തി രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ നൽകി വാക്സിൻ സ്വീകരിക്കാം. ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട്, പെൻഷൻ പാസ്ബുക്ക്, എൻ.പി.ആർ സ്മാർട്ട് കാർഡ്, വോട്ടർ ഐ.ഡി എന്നീ ഐ.ഡി പ്രൂഫുകൾ രജിസ്‌ട്രേഷനുപയോഗിക്കാം. വാക്സിനേഷൻ ദിവസം ഏതെങ്കിലും ഐ.ഡി പ്രൂഫ് കൈയിൽ കരുതണം. വാക്സിൻ സ്വീകരിച്ചവർക്ക് ഇതേ ആപ്പിലൂടെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

2953 പേരെ പരിശോധിച്ചു

ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏർപ്പെട്ടവരിലും കൊവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിൽ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിലുമായി നടത്തിയ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധനയിൽ 2953 പേർ പങ്കെടുത്തു. 12ന് 848 പേരും 13ന് 1115 പേരും 15ന് 990 പേരുമാണ് പങ്കെടുത്തത്.