c

നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം

പാലക്കാട്: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം. ആരിൽ നിന്നും രോഗം പകരാമെന്നതിനാൽ 'ബ്രേക്ക് ദി ചെയിൻ" കാമ്പയിനിന്റെ മൂന്നാംഘട്ടത്തിനും തുടക്കമായി. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പാക്കും. ഇതിനായി പൊലീസ് പരിശോധന കടുപ്പിച്ചു. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെയും നിയമിച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കി,​ ഒരാഴ്ച നിരീക്ഷണം ഉൾപ്പെടെയുള്ള നിർദ്ദേശം നൽകി. രോഗബാധിതരെ വേഗം കണ്ടെത്താൻ ആന്റിജൻ പരിശോധന വ്യാപിപ്പിക്കും. ഒപ്പം ആർ.ടി.പി.സി.ആർ പരിശോധനയും നടത്തും. പരമാവധി പേരിലേക്ക് വാക്സിനെത്തിക്കാനുള്ള നടപടിയുമുണ്ടാകും.

മെഗാ മേളകളും ഷോപ്പിംഗ് ഫെസ്റ്റിവലുകളും ഒഴിവാക്കണം

കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് മെഗാമേള/ ഷോപ്പിംഗ് ഫെസ്റ്റിവൽ എന്നിവ രണ്ടാഴ്ച നീട്ടിവെയ്ക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം. ഷോപ്പുകളും മാളുകളും രാത്രി ഒമ്പതിന് അടയ്ക്കണം. കഴിയുന്നതും ഡോർ ഡെലിവറിയായി സാധനം നൽകണം. ഷോപ്പ്/ മാളിനകത്ത് ഒരേ സമയം പ്രവേശിക്കേണ്ട ആളുകളുടെ എണ്ണം സ്ഥല വിസ്തീർണമനുസരിച്ച് നിശ്ചയിക്കണം. രജിസ്റ്റർ സൂക്ഷിക്കണം. ഷോപ്പിൽ പ്രവേശിക്കുന്നവർ കൃത്യമായി മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം.

ഒരേസമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം രേഖപ്പെടുത്തിയ ബോർഡും ബ്രേയ്ക്ക് ദ ചെയിൻ ബോർഡും ഷോപ്പിന്റെ / മാളിന്റെ മുൻവശത്ത് സ്ഥാപിക്കണം. ഹോട്ടലുകളിൽ ഹോം ഡെലിവറി അല്ലെങ്കിൽ ടേക്ക് ഹോം സംവിധാനം ഏർപ്പെടുത്തണം. സീറ്റിംഗ് കപ്പാസിറ്റിയുടെ 50% പ്രവേശനമേ പാടുള്ളൂ.

സർട്ടിഫിക്കറ്റ് നിർബന്ധം

ജനങ്ങൾ കൂട്ടമായി നിൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. കല്യാണം, മീറ്റിംഗ്, മരണാനന്തര ചടങ്ങ്, ഉത്സവം, കലാകായിക-സാംസ്‌കാരിക പരിപാടി എന്നിവ നടത്തുന്നത് അകത്തളങ്ങളിലാണെങ്കിൽ പരമാവധി 100ഉം പുറത്താണെങ്കിൽ 200ഉം പേർക്ക് പങ്കെടുക്കാം. കൂടുതൽ പേർ പങ്കെടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശമുണ്ടാകണം. പരിപാടിയുടെ വിവരം അതത് തദ്ദേശ സെക്രട്ടറിമാരെയും പൊലീസ് സ്റ്റേഷനിലും അറിയിക്കണം.

കുട്ടികൾക്കും വൃദ്ധർക്കും കരുതൽ

പൊതുസ്ഥലം, പരിപാടികൾ, ഉത്സവം, ഷോപ്പ്/മാൾ എന്നീ സ്ഥലങ്ങളിൽ പത്തിന് താഴെയും 60ന് മുകളിലും പ്രായമുള്ളവർ വരരുത്. നോമ്പുതുറ സമയത്തുള്ള സാമുദായിക ഒത്തുചേരൽ പരമാവധി ഒഴിവാക്കണം. ബസുൾപ്പടെ പൊതുഗതാഗതത്തിൽ നിന്ന് യാത്രയരുത്. തദ്ദേശ കൊവിഡ് പ്രതിരോധ സമിതി പ്രവർത്തനം ഊർജ്ജിതപ്പെടുത്തണം. കഴിയുന്നതും ഓൺലൈൻ മീറ്റിംഗ് നടത്തണം.

സൗജന്യ പരിശോധന ഇന്നുകൂടി

പി.എച്ച്.സികൾ, സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി നടത്തുന്ന സൗജന്യ കൊവിഡ് പരിശോധന ഇന്നുകൂടി. വാക്സിൻ നൽകുന്നയിടങ്ങളിൽ ഇതിന് ശേഷമാകും പരിശോധന. കിടത്തി ചികിത്സയിലുള്ള രോഗികൾ, കൂട്ടിരിപ്പുകാർ, രോഗ ലക്ഷണമുള്ളവർ, കൂടുതൽ പൊതു/ കൊവിഡ് രോഗികളുമായി സമ്പർക്കമുള്ളവർ, വാക്സിനെടുക്കാത്ത 45ന് മേൽ പ്രായമുള്ളവർ, കണ്ടയ്മെന്റ് സോൺ, ക്ലസ്റ്റർ എന്നിവിടങ്ങളിൽ നിന്നുള്ളവർ തുടങ്ങിയവർക്ക് പരിശോധന നടത്താം. ജില്ലയിൽ രണ്ടുദിവസം 15,600 പേരെ പരിശോധിക്കുകയാണ് ലക്ഷ്യം.