പാലക്കാട്: കൊവിഡ് വ്യാപനം മൂലം സ്വകാര്യ ബസ് സർവീസ് പ്രതിസന്ധിയിൽ. വരുമാനമില്ലാതെ പല ബസുകളും സർവീസ് നിറുത്താനുള്ള ആലോചനയിലാണ്. ജില്ലയിലെ പകുതി സർവീസുകളും രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കുമെന്നാണ് ബസുടമകളുടെ നിലപാട്. രാവിലെയും വൈകിട്ടുമുള്ള വരുമാനം കൊണ്ടാണ് പല ബസുകളും പിടിച്ചുനിൽക്കുന്നത്. ബസുകളിൽ നിന്നുള്ള യാത്ര വിലക്കിയതോടെ വരുമാനം കുറഞ്ഞു.
ഡീസലിന് സബ്സിഡി വേണമെന്ന ആവശ്യം പരിഗണിച്ചില്ല. ഉയർന്ന ഇന്ധന വിലയും കനത്ത തിരിച്ചടിയാണ്.
എല്ലാ റൂട്ടിലും ഒരു സർവീസ് ഉറപ്പാക്കും
നഷ്ടത്തിന്റെ പേരിൽ ബസ് സർവീസ് നിറുത്തുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന പലർക്കും ജോലിക്ക് പോകാൻ കഴിയില്ല. ഇത് മുന്നിൽകണ്ട് എല്ലാ പ്രധാന റൂട്ടിലും രാവിലെയും വൈകിട്ടും ഒരു സർവീസെങ്കിലും നടത്താനാണ് തീരുമാനം. ഇത് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.
-ആർ.ടി.ഒ
പരിശോധനയിൽ വിട്ടുവീഴ്ചയില്ല
സ്വകാര്യ ബസ് ജീവനക്കാർ പ്രതിസന്ധിയാണെങ്കിലും പരിശോധനയിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊലീസ് തീരുമാനം. ആളുകൾ ബസുകളിൽ തിങ്ങി നിന്ന് യാത്ര ചെയ്യുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാനുള്ള നടപടി തുടരും. നിലവിൽ പിഴ ഈടാക്കില്ല. നിർദ്ദേശമാണ് നൽകുന്നത്. തുടർച്ചയായി നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.
-പൊലീസ്