weste
മേനോൻപാറ പുഴപ്പാലത്തിന് സമീപത്തെ മാലിന്യക്കൂമ്പാരം.

ചിറ്റൂർ: അത്തിക്കോട്- വേലന്താവളം സംസ്ഥാന പാതയോരത്തെ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു. ദുർഗന്ധം മൂലം വഴിയാത്രക്കാരും പരിസരവാസികളും ഏറെ ദുരിതത്തിലാണ്. മൂക്കുപൊത്തി വേണം ഇതുവഴി കടന്നുപോകാൻ. ഭക്ഷണ മാലിന്യം ഉൾപ്പെടെ നിക്ഷേപിച്ചതിനാൽ തെരുവുനായ ശല്യവുമുണ്ട്. ഇത് അപകടത്തിനും വഴി വയ്ക്കുന്നു.

കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എലപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണെന്നതിനാൽ അതതു പഞ്ചായത്തുകളുടെ ശ്രദ്ധ പതിയുന്നില്ല. അത്തിക്കോട്, വെന്തപാളയം, മോനാൻപാറ പുഴപ്പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ പ്രവർത്തനങ്ങളെ കുറിച്ച് ഗൗരവമായി പറയുകയും പദ്ധതി ആവിഷ്കരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മാലിന്യം പാതകളിൽ നിറയുകയാണ്.

സമീപ ടൗണുകളിലെ കച്ചവട സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യം രാത്രി പാതയോരത്ത് നിക്ഷേപിക്കുന്നത് പതിവാണ്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടുപിടിച്ച് തദ്ദേശ അധികൃതർ ശക്തമായ നടപടി സ്വീകരിച്ചാൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാകും.