പാലക്കാട്: രേഖകളില്ലാതെ ചെന്നൈ-മംഗലാപുരം ട്രെയിനിൽ കടത്തിയ 36,50,000 രൂപയുമായി തിരൂർ സ്വദേശി പരീക്കുട്ടിയെ (69) റെയിൽവേ പൊലീസ് പിടികൂടി. ശനിയാഴ്ച പുലർച്ചെ 4.30ന് പാലക്കാട് ജംഗ്ഷനിലെത്തിയ ട്രെയിനിലെ എസ്-എട്ട് കമ്പാർട്ടുമെന്റിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്.
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കടലാസിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. എസ്.ഐ.മാരായ എ.രമേഷ് കുമാർ, എം.സുനിൽ, എ.എസ്.ഐ ജോസ് സോളമൻ, എസ്.സി.പി.ഒ.മാരായ ഷംസീറലി, കെ.സതീശൻ, ഹരിദാസ്, കെ.വി.ബിജു, സി.പി.ഒ.മാരായ എം.അജീഷ് ബാബു, ഷെയ്ക് മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
40 ലക്ഷത്തിന്റെസ്വർണവുമായി ദമ്പതികൾ പിടിയിൽ
ആലുവ: 40 ലക്ഷത്തോളം രൂപ വിലവരുന്ന 900 ഗ്രാം സ്വർണാഭരണങ്ങളുമായി തൃശൂർ സ്വദേശികളായ ദമ്പതികളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. സ്വർണാഭരണങ്ങൾ വസ്ത്രത്തിനകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. എമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.