valayar

പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്‌നാട് സർക്കാർ. ഇ പാസില്ലാത്ത യാത്രക്കാർക്ക് സംസ്ഥാനത്തേക്ക് കടക്കാൻ അനുമതിയില്ല. 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കൈയിൽ കരുതണമെന്നും കോയമ്പത്തൂർ ജില്ലാ കളക്ടർ രാജാമണി പാലക്കാട് കളക്ടർക്ക് കൈമാറിയ ഉത്തരവിൽ പറയുന്നു. പിന്നീട് സംസ്ഥാന സർക്കാർ ഇടപെട്ട് അതിൽ ഇളവുവരുത്തുകയായിരുന്നു. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിലേക്ക് വരുന്നവരുടെ എണ്ണം നിയന്ത്രിക്കാനാണ് പരിശോധനകൾ കർശനമാക്കിയിട്ടുള്ളത്. ഇത് ദൈനംദിന ആവശ്യങ്ങൾക്കായി തമിഴ്നാടിനെ ആശ്രയിക്കുന്നവർക്ക് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ് രണ്ടു ദിവസങ്ങളിലായി അതിർത്തിയിൽ തമിഴ്നാട് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. നിലവിൽ ചരക്ക് ലോറികളെ കടത്തി വിടുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്നാണ് സൂചന.